ഇന്ത്യൻ ബ്ലൂ റോബിൻ
കാസർകോട് റാണിപുരത്തിന്റെ അതിഥികളായി പുതിയ പക്ഷികൾ പറന്നെത്തിയപ്പോൾ പക്ഷി നിരീക്ഷകർക്കും ആഹ്ലാദം. ജില്ലാ വനംവകുപ്പിന്റെയും കാസർകോട് ബേഡേഴ്സ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ റാണിപുരം വനമേഖലയിൽ നടത്തിയ പക്ഷി സർവേയിൽ കണ്ടെത്തിയത് 113 ഇനം പക്ഷികളെയാണ്. പോതക്കിളി(ബ്രോഡ് ടെയിൽഡ് ഗ്രാസ് ബേഡ്)യെ ജില്ലയിൽ ആദ്യമായും മേടുതപ്പി(പാലിഡ് ഹാരിയർ), മീൻ കൂമൻ(ബ്രൗൺ ഫിഷ് ഔൾ), ചെങ്കണ്ണി തിത്തിരി എന്നീ പക്ഷികളെ റാണിപുരത് ആദ്യമായും കണ്ടെത്തി. ഇതോടെ റാണിപുരം റിസർവ് വനമേഖലയിൽ കണ്ടെത്തിയ ആകെ പക്ഷിയിനങ്ങളുടെ എണ്ണം 163 ആയി.
മീൻ കൂമൻ(ബ്രൗൺ ഫിഷ് ഔൾ
വനംവകുപ്പ് കാഞ്ഞങ്ങാട് റേഞ്ച് ഓഫിസർ എ.ബി.ശ്രീജിത്ത്, പനത്തടി സ്റ്റേഷൻ ഫോറസ്റ്റ് ഓഫിസർ ബി.ശേഷപ്പ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഷിഹാബുദ്ദീൻ, ഡ്രൈവർ ഗിരീഷ് , വാച്ചർമാരായ ശരത്, അരുൺ, സുരേഷ്, സിൽജോ കാസർകോട് ബേഡേഴ്സ് കൂട്ടായ്മയെ പ്രതിനിധീകരിച്ച് ശ്യാംകുമാർ പുറവങ്കര, എം.ഹരീഷ് ബാബു രാവണീശ്വരം മാക്സിം റോഡ്രിഗസ്, ഹരിഹരൻ, കെ.എം.അനൂപ് തുടങ്ങിയവർ സർവേയ്ക്ക് നേതൃത്വം നൽകി.
കാട്ടുരാച്ചുക്ക്
മണ്ണുത്തി കാർഷിക സർവകലാശാലയിലെ ബിഎസ്സി ഫോറസ്ട്രി വിദ്യാർഥികളും സർവേയുടെ ഭാഗമായി. ഇവരുൾപ്പെട്ട സംഘമാണ് പോതക്കിളിയെ ജില്ലയിലാദ്യമായി കണ്ടെത്തിയത്. ശബ്ദം റെക്കോർഡ് ചെയ്താണു പക്ഷിയെ തിരിച്ചറിഞ്ഞത്. നിലത്തൻ(ഇന്ത്യൻ ബ്ലൂ റോബിൻ) പക്ഷിയെ ജില്ലയിലാദ്യമായി കഴിഞ്ഞ മാസം റാണിപുരത്തു നിന്ന് കണ്ടെത്തിയിരുന്നു. ഇത്തവണത്തെ സർവേയിലും ഈ പക്ഷിയെ കണ്ടെത്തി. ചാരത്തലയൻ ഫ്ലൈക്യാച്ചർ, കാട്ടുരാച്ചുക്ക്, മാക്കാച്ചിക്കാട, മേനിപ്പാറക്കിളി തുടങ്ങിയവയെയും സർവേയിൽ കണ്ടെത്തി.