വംശനാശ ഭീഷണി നേരിടുന്ന പക്ഷിയായ ഗ്രേറ്റ് ഇന്ത്യന് ബസ്റ്റാര്ഡിന്റെ വേട്ടയാടലിന് നിരോധനമേര്പ്പെടുത്തി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തില് ഇവയെയും ഉൾപ്പെടുത്തിയതോടെയാണ് ഇവയെ വേട്ടയാടുന്നതിന് നിരോധനം നിലവിൽ വന്നത്. ഗ്രേറ്റ് ഇന്ത്യന് ബസ്റ്റാര്ഡുകളുടെ പ്രധാന ആവാസവ്യവസ്ഥകള് ദേശീയോദ്യാനങ്ങളോ വന്യജീവി സങ്കേതങ്ങളോ ആയി പ്രഖ്യാപിക്കും. രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ വനംവകുപ്പിന്റെയും വൈല്ഡ്ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെയും സഹായത്തോടെ സംരക്ഷിത പ്രജനന കേന്ദ്രങ്ങള് സ്ഥാപിക്കും.
ഈ പക്ഷികളുടെ സംരക്ഷണത്തിന് സംസ്ഥാനങ്ങള്ക്ക് കേന്ദ്രം സാമ്പത്തികസഹായം നല്കും. രാജസ്ഥാനിന്റെ സംസ്ഥാന പക്ഷി കൂടിയാണ് ഗ്രേറ്റ് ഇന്ത്യന് ബസ്റ്റാര്ഡ്. രാജ്യത്താകെ 150 ഓളം ഗ്രേറ്റ് ഇന്ത്യന് ബസ്റ്റാര്ഡ് പക്ഷികള് ശേഷിക്കുന്നതായിട്ടാണ് വിവരം. ലോകത്താകമാനമുള്ള ഗ്രേറ്റ് ഇന്ത്യന് ബസ്റ്റാര്ഡുകളുടെ 95 ശതമാനവും രാജസ്ഥാനിലാണ്. ലോകത്താകമാനം 200 ഗ്രേറ്റ് ഇന്ത്യന് ബസ്റ്റാര്ഡുകള് മാത്രമേ ഉള്ളൂ എന്നാണ് കണക്കുകൾ. ഐയുസിഎന് പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്ന വിഭാഗം കൂടിയാണിവ. 1994-ലാണ് ഇവയെ വംശനാശ പട്ടികയില് ഉള്പ്പെടുത്തുന്നത്. പാക്കിസ്ഥാനിലിപ്പോഴും ഇവയെ വേട്ടയാടുന്നത് തുടരുകയാണ്. വാഹനമിടിച്ചുളള ചത്തുപോകല്, ആവാസവ്യവസ്ഥാ നാശം തുടങ്ങിയവ ആണ് ഇവ നേരിടുന്ന ഭീഷണികള്. തവിട്ടു നിറത്തോട് കൂടിയതാണ് ശരീരം. നാല് അടി വരെ പൊക്കം വെയ്ക്കുവാന് ഇവയ്ക്ക് സാധിക്കും. തൂവലുകളിലെ നിറം നോക്കിയാണ് ആണ്, പെണ് വിഭാഗങ്ങളെ തിരിച്ചറിയുക.