ലോകത്തിലെ ഏറ്റവും 'ചൂടന്മാര്' എന്ന് ഡേവിഡ് ആറ്റന്ബറോ വിശേഷിപ്പിച്ച ഒരു പൂച്ച വിഭാഗമുണ്ട്. വീട്ടില് വളര്ത്തുന്ന സാധാരണ പൂച്ചകളുടെ മാത്രം വലിപ്പം വെയ്ക്കുന്ന 'മാനുല്' പൂച്ചകള്. ഇപ്പോഴിതാ ലോകത്തിലെ ഉയരം കൂടിയ മലനിരയില് ഇവയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്. മൗണ്ട് എവറസ്റ്റിലാണ് പുതുതായി ഇക്കൂട്ടരുടെ സാന്നിധ്യം ആദ്യമായി രേഖപ്പെടുത്തുന്നത്. തണുപ്പുള്ള പ്രദേശങ്ങളാണ് പ്രധാന ആവാസവ്യവസ്ഥ. ഹിമാലയത്തിൽ ഇവരുടെ സാന്നിധ്യമുണ്ട്. കാറ്റ്ന്യൂസ് എന്ന പേരിലറിയപ്പെടുന്ന ജേണല് പ്രസിദ്ധീകരിച്ച പഠന റിപ്പോര്ട്ട് കൂടുതല് പ്രദേശങ്ങളില് ഇക്കൂട്ടരുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നുണ്ട്. സാഗര്മാതയില് വര്ഷങ്ങളായിഎത്തുന്ന വിനോദസഞ്ചാരികളുടെ കണ്ണില് ഇവ പെട്ടിരുന്നില്ല. സദാ ദേഷ്യം പിടിച്ച മുഖഭാവം ഉള്ളതിനാലാണ് ഇവയെ ഗ്രംപിയസ്റ്റ് കാറ്റ്സ്(Grumpiest Cats) എന്നു വിളിക്കപ്പെടുന്നത്.
പ്രദേശത്ത് നിന്നു കണ്ടെടുത്ത സാംപിളുകളില് (കാഷ്ഠം) നിന്നും മാനുല് പൂച്ചകളുടെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. വൈല്ഡ്ലൈഫ് കണ്സര്വേഷന് സൊസൈറ്റിയിലെ അംഗങ്ങളാണ് കണ്ടെത്തലിന് പിന്നില്. മാനുല് പൂച്ചകളുടെ പ്രധാന വാസസ്ഥലം ഹിമാലയമാണെന്ന് ഐ.യു.സി.എന്നും ഗ്ലോബല് വൈല്ഡ്ലൈഫ് കണ്സര്വേഷന് അതോറിറ്റി അധികൃതരും ചൂണ്ടിക്കാട്ടുന്നു. എന്നാല്, ഹിമാലയത്തില് ഇവയുടെ സാന്നിധ്യം ചുരുക്കം സമയങ്ങളില് മാത്രമാണ് റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.