സമുദ്രോപരിതലത്തിൽ നിന്നും ഏകദേശം എട്ട് കിലോമീറ്റർ താഴെ അധിവസിക്കുന്ന മീനിനെ കണ്ടെത്തി ശാസ്ത്രജ്ഞർ. വെസ്റ്റേൺ ഓസ്ട്രേലിയ യൂണിവേഴ്സിറ്റി, ജപ്പാനിലെ ഒരു യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരാണു കണ്ടെത്തലിനു പിന്നിൽ. വടക്കൻ പസിഫിക് സമുദ്രത്തിൽ ജപ്പാനരികിലായി ഡിഎസ്എസ്വി എന്ന ആളില്ലാ സമുദ്രപര്യവേക്ഷണ യാനം നടത്തിയ ഗവേഷണങ്ങളിലാണു വിചിത്ര മത്സ്യത്തെ കണ്ടെത്തിയത്.
സമുദ്രത്തിലെ ഇസു ഓഗസാവര, റ്യൂക്കു എന്നീ പടുകുഴികളിലായിരുന്നു പ്രധാനമായും ഗവേഷണം നടന്നത്. 9.3 കിലോമീറ്റർ, 7.3 കിലോമീറ്റർ താഴ്ചയുള്ളതാണ് ഈ പടുകുഴികൾ. പത്തുവർഷത്തോളമായാണു ഗവേഷണം നടന്നത്. മൈൻഡറൂ– വെസ്റ്റേൺ ഓസ്ട്രേലിയ യൂണിവേഴ്സിറ്റി. ഡീപ് സീ റിസർച് സെന്റർ സ്ഥാപകനും ഗവേഷകനുമായ അലൻ ജാമിസണാണ് ഗവേഷണത്തിനു ചുക്കാൻ പിടിച്ചത്. കടലാഴങ്ങളിൽ വിവിധ ക്യാമറകൾ വച്ചായിരുന്നു നിരീക്ഷണം.
ജപ്പാന്റെ തെക്കൻ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഇസു ഓഗസ്വാര ട്രെഞ്ച് മേഖലയിലാണ് മത്സ്യത്തെ കണ്ടുപിടിക്കാൻ ഗവേഷകർക്കു സാധിച്ചത്. സ്നെയിൽഫിഷ് എന്ന വിഭാഗത്തിൽപെടുന്ന മത്സ്യമാണിത്. സ്യൂഡോലിപാരിസ് എന്നാണ് ഇതിന്റെ ജനുസ്സിന്റെ പേര്. ഇത്രയും അടി താഴത്തിൽ ഇവയ്ക്ക് എങ്ങനെ കഴിയാൻ സാധിക്കുന്നു എന്നുള്ളത് അദ്ഭുതകരമായ കാര്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നേരത്തെ ഏറ്റവും ആഴത്തിൽ കണ്ടെത്തിയ മീൻ മരിയാന ട്രെഞ്ചിലായിരുന്നു. അന്നു കണ്ടെത്തിയതിനേക്കാൾ 158 മീറ്റർ താഴെയാണ് ഇപ്പോഴത്തെ മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നത്.
കടലൊച്ചുകൾ എന്നും അറിയപ്പെടുന്ന മത്സ്യങ്ങളാണ് സ്നെയിൽ ഫിഷുകൾ. ആർട്ടിക് മുതൽ അന്റാർട്ടിക് വരെയുള്ള സമുദ്രങ്ങളിൽ ഇവ അധിവസിക്കുന്നുണ്ട്. 30 ജനുസ്സുകളിലായി 410 സ്പീഷീസുകളിലുള്ള സ്നെയിൽഫിഷുകളുണ്ട്. കടൽപ്പായൽ മുതൽ കൊഞ്ച് പോലുള്ള ചെറിയ ജീവികളെ വരെ ഇവ ഭക്ഷണമായി അകത്താക്കും.