
രാജ്യത്തിന്റെ ശാസ്ത്ര, സാങ്കേതികമേഖലയ്ക്കു കീർത്തിയുടെ അനശ്വരമുദ്ര ചാർത്താൻ, ചന്ദ്രനെ ലക്ഷ്യമിട്ട് ചന്ദ്രയാൻ 3 പ്രയാണമാരംഭിച്ചു. ഓഗസ്റ്റ് 23ന് വൈകിട്ട് 5.47നു ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്ന് ഇസ്റോ ചെയർമാൻ എസ്.സോമനാഥ് അറിയിച്ചു. നിലവിൽ ഭൂമിയെ ചുറ്റുന്ന ചന്ദ്രയാന്റെ ഭ്രമണപഥം ഉയർത്താനുള്ള നടപടികൾ ഇന്നു തുടങ്ങും. ഇന്നലെ ഉച്ചകഴിഞ്ഞ് 2.35നാണ് ചന്ദ്രയാൻ–3 പേടകം വഹിച്ചുകൊണ്ട് ശ്രീഹരിക്കോട്ടയിൽനിന്ന് എൽവിഎം3 എം4 റോക്കറ്റ് ഉയർന്നത്. 16 മിനിറ്റിലേറെ സഞ്ചരിച്ച റോക്കറ്റ് 179.19 കിലോമീറ്റർ ഉയരത്തിൽ ചന്ദ്രയാനെ വിജയകരമായി വേർപെടുത്തി. അൽപ സമയത്തിനുള്ളിൽ നിർദിഷ്ട ഭൗമ ഭ്രമണപഥത്തിൽ എത്തി. ഇനിയുള്ള ഓരോ നീക്കവും ബെംഗളൂരുവിലെ ഇസ്റോ ട്രാക്കിങ് കേന്ദ്രമായ ഇസ്ട്രാക്കാണ് നിയന്ത്രിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തുമെന്നാണു പ്രതീക്ഷ. പിന്നീട് 17നു പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു ലാൻഡർ വേർപെടും. ചന്ദ്രോപരിതലത്തിലിറങ്ങുന്ന ലാൻഡറിൽനിന്നു റോവർ പുറത്തിറങ്ങും. .