
തമിഴ്നാട്ടില് 16 വര്ഷത്തിനിടെ കടുവകളുടെ എണ്ണത്തില് നാലിരട്ടി വര്ധനവ്. 2006-ല് വെറും 76 കടുവകളെന്നത് ഇന്ന് 306-ല് എത്തിനില്ക്കുന്നു. അന്താരാഷ്ട കടുവ ദിനമായ ജൂലായ് 29-ന് നാഷണല് ടൈഗര് കണ്സര്വേഷന് അതോറിറ്റിയും (എന്ടിസിഎ) വൈല്ഡ്ലൈഫ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമാണ് (ഡബ്ല്യുഐഐ കണക്കുകള് പുറത്തുവിട്ടത്. 2018-ലെ സെന്സസ് പ്രകാരം തമിഴ്നാട്ടിലെ കടുവകളുടെ എണ്ണം 264 ആയിരുന്നു. ആനമലൈ ടൈഗര് റിസര്വ്, കളക്കാട്-മുണ്ടന്തുറൈ ടൈഗര് റിസര്വ്, മുതുമലൈ ടൈഗര് റിസര്വ്, ശ്രീവിലിപുത്തൂര് മേഘമലൈ ടൈഗര് റിസര്വ്, സത്യമംഗലം ടെെഗർ റിസർവ് എന്നിങ്ങനെ അഞ്ച് കടുവ സങ്കേതങ്ങളാണ് തമിഴ്നാട്ടിലുള്ളത്. സംസ്ഥാനത്ത് മുതുമലൈ കടുവ സങ്കേതത്തിലാണ് ഏറ്റവുമധികം കടുവകള് കാണപ്പെടുന്നത്. ഇന്ത്യയുടെ തെക്കന് സംസ്ഥാനങ്ങളില് ഏറ്റവുമധികം കടുവകളുള്ളത് കര്ണാടകത്തിലാണ് (563). 2018-ലെ കണക്കുകള് പ്രകാരം കര്ണാടകത്തില് കടുവകളുടെ എണ്ണം 524 ആയിരുന്നു. കര്ണാടകയ്ക്ക് പിന്നാലെ തെക്കന് സംസ്ഥാനങ്ങളില് ഏറ്റവുമധികം കടുവകളുള്ളത് തമിഴ്നാടാണ്. 306 കടുവകളാണ് തമിഴ്നാട്ടിലാകെയുള്ളത്. കേരളത്തിലെ കടുവകളുടെ എണ്ണം 213 (2022 സെന്സസ്) ആണ്. കേരളത്തില് 2018-ലെ കണക്കുകള് പ്രകാരം കടുവകളുടെ എണ്ണം 190 മാത്രമായിരുന്നു. പശ്ചിമഘട്ടത്തിലെ കടുവകളുടെ എണ്ണം 2022-ലെ കണക്കുകള് പ്രകാരം 1,087 ആണ്. 2018-ല് ഇത് വെറും 981 ആയിരുന്നു. .