Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Wednesday, December 18, 2024

Latest News

Archive

കേരള സർവകലാശാലയുടെ പേരിൽ പുതിയ കടൽ ജീവി: ‘എൽതുസ അക്വാബിയോ’ (Source: Malayala Manorama 19.08.2023)

         

 

       കൊല്ലം ആഴക്കടൽ മേഖലയിൽനിന്നും മത്സ്യങ്ങളെ ആശ്രിയച്ചു ജീവിക്കുന്ന ക്രസ്റ്റേഷ്യൻ ജീവികളുടെ ഗണത്തിൽപ്പെട്ട ഒരു പുതിയ ജീവിയെക്കൂടി ഗവേഷകർ കണ്ടെത്തി. ജപ്പാനിലെ ഹിരോഷിമ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറും, കേരള സർവകലാശാല അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പിൽ മുൻ പോസ്റ്റ് ഡോക്ടറൽ ഫെലോയും ആയിരുന്ന കാസർകോട് തയ്യേനി സ്വദേശി ഡോ. അനീഷ് പി റ്റി, പോസ്റ്റ് ഡോക്ടറൽ ഗവേഷകരായ ഡോ ഹെൽന എ.കെ, സ്‌മൃതി രാജ്, അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പ് മേധാവി പ്രഫ. എ, ബിജു കുമാർ എന്നിവർ ചേർന്നാണ് പുതിയ പരാദജീവിയെ ശാസ്ത്രലോകത്തിനു പരിചയപ്പെടുത്തിയത്.

 

                പുതിയതായി കണ്ടെത്തിയ ഈ ജീവിക്കു ‘എൽതുസ അക്വാബിയോ’ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. സൈമോത്തോയിഡേ എന്ന കുടുംബത്തിലെ എൽതുസ എന്ന ജനുസ്സിൽ ലോകത്താകമാനം മുപ്പതോളം ഇനങ്ങളാണുള്ളത്. അവയിൽ നാലു പുതിയ ഇനങ്ങളെ ഈ ഗവേഷകർ തന്നെ സംഭാവന ചെയ്തിട്ടുണ്ട്. ജനിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ അവയെക്കുറിച്ചുള്ള പഠനങ്ങൾ ചുരുക്കം ചില ഗവേഷണ സ്ഥാപനങ്ങളിൽ മാത്രമാണ് നടക്കുന്നത്. അതിൽ വലിയൊരു പങ്കുവഹിക്കുന്നതു കേരള സർവകലാശാല അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പാണ്.

 

               ജീവികളുടെ വർഗീകരണ ശാസ്ത്രത്തിലെ പ്രമുഖ യു.കെ രാജ്യാന്തര ഗവേഷണ ജേർണലായ ‘ജേണൽ ഓഫ് നാച്ചുറൽ ഹിസ്റ്ററി’യുടെ പുതിയ ലക്കത്തിൽ ഗവേഷണ വിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ക്രസ്റ്റേഷ്യൻ ജീവികളുടെ ഗവേഷണത്തിൽ കഴിഞ്ഞ പത്തു വർഷത്തിൽ ഏറ്റവുമധികം പുതിയ ജീവികളെ ശാസ്ത്ര ലോകത്തിനു പരിചയപ്പെടുത്തിയതും കേരള സർവകലാശാല അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പ് ആണ്. നിരവധി പുതിയ സമുദ്ര ജീവികളുടെ കണ്ടെത്തലുകളും പ്രസിദ്ധീകരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ആണെന്ന് വകുപ്പ് മേധാവി പ്രഫ. എ. ബിജു കുമാർ അഭിപ്രായപ്പെട്ടു.