
പ്രാചീന ഗ്രീസ്, റോം, ഈജിപ്ത് എന്നിവിടങ്ങളിൽ ഉപയോഗിക്കപ്പെട്ടിരുന്നതും 2000 വർഷം മുൻപ് വംശനാശം വന്നെന്നു കരുതപ്പെട്ടിരുന്നതുമായ സസ്യം കണ്ടെത്തി. അദ്ഭുത സസ്യമെന്ന് പണ്ടുകാലത്ത് അറിയപ്പെട്ട, മഞ്ഞ നിറമുള്ള ഇതളുകളോടെ പൂക്കളുള്ള ഈ സസ്യം തുർക്കിയിലാണ് കണ്ടെത്തിയത്. സിൽഫിയോൺ അഥവാ സിൽഫിയം എന്ന പേരിലാണ് ഈ സസ്യം അറിയപ്പെട്ടിരുന്നത്. തുർക്കിയിലെ ഒരു ബോട്ടണി പ്രഫസറാണ് ഈ സസ്യം കണ്ടെത്തിയത്.ഗ്രീക്ക്, റോമൻ സാമ്രാജ്യങ്ങൾ പെരുമയിലേക്കുയരും മുൻപേ വളരെ ഖ്യാതിയുള്ള ചെടിയാണ് സിൽഫിയം. ഈ ചെടി അതിന്റെ പൂവുകളുൾപ്പെടെ മൊത്തമായി ഇടിച്ചുചതച്ച് തിളപ്പിച്ചാണ് ഉപയോഗിച്ചിരുന്നത്. ഭക്ഷണം, മരുന്ന് തുടങ്ങിയവയിലായിരുന്നു ഇതിന്റെ ഉപയോഗം. റോമിലെ വിഖ്യാത ജനറലായ ജൂലിയസ് സീസറിന്റെ കാലത്ത് റോമിലെ രാജകീയ ഖജനാവിൽ ഇത്തരം ആയിരക്കണക്കിന് ചെടികൾ സൂക്ഷിച്ചിരുന്നെന്ന് ചരിത്രകാരന്മാർ പറയുന്നു. വെള്ളിലോഹത്തിന്റെ അതേ വിലയായിരുന്നത്രേ ഇവയ്ക്ക്. ഇന്നത്തെ ലിബിയയിൽ പെട്ട പ്രാചീന സൈറെനയിക തീരത്ത് ഇവ തഴച്ചുവളരുന്നതായി ചരിത്രരേഖകളിലുണ്ട്. എന്നാൽ ഇതിനു ശേഷം സിൽഫിയം ലോകത്തുനിന്ന് അപ്രത്യക്ഷമായി. എഡി ഒന്നാം നൂറ്റാണ്ടിൽ ഇത്തരത്തിലൊരു ചെടി കിട്ടിയെന്നും അത് നീറോ ചക്രവർത്തിക്കു നൽകിയെന്നും പ്ലൈനി ദ എൽഡർ തന്റെ പുസ്തകമായ നാച്ചുറൽ ഹിസ്റ്ററിയിൽ കുറിച്ചിരിക്കുന്നു. പ്രാചീന ലിഖിതങ്ങളിൽ പ്രചോദിതരായി മധ്യകാലത്തെ പര്യവേക്ഷകർ സിൽഫിയത്തിനായി ആഫ്രിക്ക, ഏഷ്യ, യൂറോപ്പ് വൻകരകളിൽ വലിയ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ ഇതു കണ്ടുകിട്ടിയില്ല. ലോകത്ത് ആദ്യമായി വംശനാശം വന്നതായി രേഖപ്പെടുത്തിയ സസ്യം സിൽഫിയമാണ്. തുർക്കിയിലെ ഇസ്തംബുൾ സർവകലാശാലയിലെ ഗവേഷകനായ മഹ്മുത് മിസ്കിയാണ് ഈ ചെടി വീണ്ടും കണ്ടെത്തിയെന്ന വാദവുമായി രംഗത്തു വന്നിരിക്കുന്നത്. തുർക്കിയിലെ മൗണ്ട് ഹസൻ മലനിരകളിൽ വളരുന്ന ഫെറുല ഡ്രുഡീന എന്ന ചെടി സിൽഫിയമാണെന്ന് അദ്ദേഹം പറയുന്നു. .