JavaScript must be enabled in order for you to use the Site in standard view. However, it seems JavaScript is either disabled or not supported by your browser. To use standard view, enable JavaScript by changing your browser options.

| Last Updated:22/04/2024

Latest News

Archive

ലോകത്തെ ഏറ്റവും വലിയ പൂവ്! 7 കിലോ ഭാരം; ഭീകരപുഷ്പം വംശനാശം നേരിടുന്നെന്ന് ശാസ്ത്രജ്ഞർ(Source: Malayala Manorama 23/09/2023)

ലോകത്തെ ഏറ്റവും വലുപ്പമുള്ള പുഷ്പമായ റഫ്ലേഷ്യ വംശനാശത്തിനരികിലാണെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് . ഉടനടി പരിഹാരനടപടികൾ ചെയ്തില്ലെങ്കിൽ അപൂർവമായ ഈ പുഷ്പവിഭാഗം അപ്രത്യക്ഷമാകുമെന്നും അവർ പറയുന്നു. കടുത്ത ദുർഗന്ധം പുറത്തേക്കു വിടുന്ന റഫ്ളേഷ്യ സസ്യശാസ്ത്രജ്ഞരെ എന്നും കൗതുകത്തിലാഴ്ത്തിയിരുന്നു. ഒരു മീറ്ററോളം വീതിയുള്ള ഈ പുഷ്പം തെക്കുകിഴക്കൻ ഏഷ്യയിലെ വനനശീകരണം മൂലമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. 7 കിലോ വരെ ഭാരം വയ്ക്കുന്ന ഈ പുഷ്പത്തിന് ഭീകര പുഷ്പമെന്നും പേരുണ്ട്. ചില ഈച്ചകളെ ആകർഷിക്കാനായാണ് പൂവിൽ നിന്ന് ദുർഗന്ധം ഉടലെടുക്കുന്നത്. ലോകത്ത് 42 തരത്തിലുള്ള റഫ്ളേഷ്യ പുഷ്പങ്ങളുണ്ട്. ഇവയിൽ 25 എണ്ണം സാരമായി വംശനാശഭീഷണി നേരിടുന്നവയാണ് 15 എണ്ണം വംശനാശം നേരിടുന്നവയാണ് 15 എണ്ണം വംശനാശം നേരിടുന്നവയും. ലോകത്താദ്യമായാണ് റഫ്ളേഷ്യ പുഷ്പങ്ങളെക്കുറിച്ച് ഇത്രയും വിശദമായ ഒരു സർവേ നടത്തിയത്. വളരെയേറെ അപൂർവതകളുള്ള സസ്യമാണ് റഫ്ളേഷ്യ.ഇലകളോ തണ്ടുകളോ വേരുകളോ ഇവയ്ക്കില്ല. മരങ്ങളിലെ വള്ളികളിൽ നിന്ന് പ്രത്യേക ഘടനകൾ ഉപയോഗിച്ചാണ് ഇവ വെള്ളവും ഭക്ഷണവും വലിച്ചെടുക്കുന്നത്. ബ്രൂണെ, ഇന്തൊനീഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, തായ്ലൻഡ് എന്നീ രാജ്യങ്ങളിലെ കാടുകളിൽ ഇവ കണ്ടുവരുന്നു. ഈ ചെടികൾ പലപ്പോഴും മറഞ്ഞിരിക്കാറാണു പതിവെന്നതിനാൽ ഇവയെ കണ്ടെത്തുന്നതും പഠനം നടത്തുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്. റഫ്ളേഷ്യയുടെ ദുർഗന്ധത്തിൽ ആകർഷിക്കപ്പെട്ട് എത്തുന്ന ഈച്ചകളാണ് പുഷ്പത്തിൽ പരാഗണം നടത്തുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെത്തിയ യൂറോപ്യൻ സഞ്ചാരികളാണ് റഫ്ളേഷ്യ പുഷ്പങ്ങൾ ആദ്യമായി കണ്ടെത്തിയത്. ഇതു പിന്നീട് സഞ്ചാരികൾക്ക് വളരെയേറെ കൗതുകമുള്ള കാര്യമായി. റഫ്ളേഷ്യ ചെടികൾ നിൽക്കുന്ന മേഖലകളുടെ സംരക്ഷണത്തിനായി ശബ്ദമുയർത്തിയിരിക്കുകയാണ് ലോകമെമ്പാടുമുള്ള പരിസ്ഥിതിവാദികൾ. ഇവയെ കൂടുതൽ വ്യാപിപ്പിക്കാനുള്ള മാർഗങ്ങൾ ശാസ്ത്രജ്ഞർ കണ്ടെത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇന്തൊനീഷ്യയുടെ ദേശീയ പുഷ്പങ്ങളിലൊന്നാണ്റഫ്ളേഷ്യ.