
ശരീരത്തെക്കാള് വലിപ്പമേറിയ ചുണ്ടുകളുള്ള പക്ഷിവിഭാഗമാണ് സ്വോര്ഡ് ബില്ലിഡ് ഹമ്മിങ് ബേഡുകള്. തെക്കന് അമേരിക്കയുടെ ആന്ഡിയന് മേഖലകളിലാണ് സ്വോര്ഡ് ബില്ലുകളെന്നും വിളിപ്പേരുള്ള ഇവയെ പ്രധാനമായും കാണാന് കഴിയുക. ഹമ്മിങ് ബേഡുകളിലെ ഭീമന്മാര് കൂടിയാണിവര്. 13 മുതല് 14 സെന്റിമീറ്റര് വരെവലിപ്പം വെയ്ക്കാറുള്ള ഇവയുടെ ചുണ്ടിന് മാത്രം ശരാശരി എട്ടു സെന്റിമീറ്റര് നീളം വരും. എക്വഡോര്, ബൊളീവിയ, കൊളംബിയ, പെറു, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിലാണ് ഇവയുടെ എണ്ണം വ്യാപിച്ചു കിടക്കുന്നത്. ദേശാടനസ്വഭാവക്കാരല്ലെങ്കിലും കൊളംബിയയിലും വെനസ്വേലയിലും ഇവ ചെറിയ തോതിലുള്ള സഞ്ചാരങ്ങള് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. വരള്ച്ചയുള്ള കാലങ്ങളില് ഉയരം കുറഞ്ഞ പ്രദേശങ്ങളിലാകും ഇവ വാസമുറപ്പിക്കുക. മറ്റുള്ള ഹമ്മിങ് ബേഡുകളെ പോലെ തന്നെ പിന്നിലേക്ക് പറക്കാനുള്ള ശേഷിയും ഇക്കൂട്ടര്ക്കുണ്ട്. ചുണ്ട് തുറന്നു വെച്ച് ചെറുപ്രാണികളെയും ഇവര് ആഹാരമാക്കുന്നു. ഫെബ്രുവരി മുതല് മാര്ച്ച് വരെയാണ് പ്രജനന കാലയളവ്. കപ്പ് ആകൃതിയിലുളള കൂടുകള് പ്രധാനമായും പായല് പോലുള്ളവയിലാണ് നിര്മിക്കുക. പെണ്വിഭാഗക്കാരാകും കൂട് നിര്മിക്കുക. ചില പ്രദേശങ്ങളില് ജനവാസമേഖലയോട് പൊരുത്തപ്പെട്ട് ഇവ കഴിയുന്നു. സംരക്ഷിത പ്രദേശങ്ങളിലും സാന്നിധ്യമുണ്ട്. ഒരിണയുമായി മാത്രം ഇണചേരുന്ന പക്ഷിവിഭാഗക്കാരല്ല സ്വോര്ഡ് ബില്ലിഡ് ഹമ്മിങ് ബേഡുകള്. ആണ് പക്ഷികള് പല പെണ്പക്ഷികളുമായി ഇണചേരുന്നു. രണ്ടുമുട്ടകളാകും പെണ്പക്ഷികള് ഇടുക. ഇന്റര്നാഷണല് യൂണിയന് ഫോര് കണ്സര്വേഷന് ഓഫ് നേച്ചര് (ഐയുസിഎന്) പട്ടികപ്രകാരം ലീസ്റ്റ് കണ്സേണ് (ഏറ്റവും കുറഞ്ഞ ആശങ്ക) വിഭാഗത്തിലാണ് ഇക്കൂട്ടര് ഉള്പ്പെടുക.