ജൈവവൈവിധ്യങ്ങളുടെ വിസ്മയത്തുരുത്താണ് ലക്ഷദ്വീപ്. അമൂല്യമായ ഈ ജൈവസമ്പത്ത് ദ്വീപ് സമൂഹത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉപയോഗപ്പെടുത്തുന്നതിൽ വിജയിച്ചിരിക്കുകയാണ് ഗവേഷകർ. നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനിറ്റിക്സ് റിസോഴ്സസിന്റെ കൊച്ചി കേന്ദ്രമായ സെൻറർ ഫോർ പെനിസുലാർ അക്വാറ്റിക് ജനിറ്റിക്സ് റിസോഴ്സസ് നാലു വർഷത്തിനിടെ അഞ്ച് പുതിയ ഇനം അലങ്കാരച്ചെമ്മീനുകളെ ലക്ഷദ്വീപ് കടലിൽ കണ്ടെത്തി. പെരിക്ലിമെനെല്ല അഗത്തി, യൂറോകാരിഡെല്ല അറേബിയാനെൻസിസ്, ആക്റ്റിനിമെനെസ് കോയാസ്, ആൽഫിയസ് സൾസിപാൽമ, കുവാപറ്റീസ് പുരുഷോത്തമനി എന്നിവയാണ് കണ്ടെത്തിയ പുതിയ ഇനങ്ങൾ. കൂടാതെ ലിസ്മാറ്റ അംബോയിനെൻസിസ്, യൂറോ കാരിഡെല്ല ആന്റോൺബ്രൂനെ,പലേമോനെല്ല റൊട്ടുമാന, അങ്കിസ്റ്റസ് മിയേഴ്സി, തോർ ഹൈനാനെൻസിസ്,ലിസ്മാറ്റ ഹോച്ചി, പലേമോണെല്ല ടെനുപീസ്, അൽഫിയസ് സോറർ തുടങ്ങിയ അക്വേറിയം വ്യവസായത്തിൽ പ്രാധാന്യമുള്ള ചെമ്മീൻ ഇനങ്ങളും കടൽജീവികളും ലക്ഷദ്വീപിൽ ഉണ്ടെന്നും വ്യക്തമായി. പലയിനം അലങ്കാരച്ചെമ്മീൻകുഞ്ഞുങ്ങളെ വളർത്തിയെടുക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിലും ഗവേഷകർ വിജയം കണ്ടു. ഇതോടെ നേരിട്ട് ഇവയെ ശേഖരിക്കുമ്പോഴുണ്ടാവുന്ന അമിതചൂഷണം ഒഴിവാക്കാനും ജൈവവൈവിധ്യം സംരക്ഷിക്കാനും സാധ്യതതെളിഞ്ഞു.