പശ്ചിമഘട്ടത്തിൽനിന്ന് 33 വർഷത്തിനിടെ പുതിയയിനം ചിത്രശലഭത്തെ കണ്ടെത്തി. ശ്രീവില്ലിപുത്തൂരിനടുത്ത മേഘമല കടുവസങ്കേതത്തിൽനിന്നാണ് പുതിയയിനം സിൽവർലൈൻ ചിത്രശലഭത്തെ കണ്ടെത്തിയതെന്ന് തമിഴ്‌നാട് പരിസ്ഥിതി-വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു. സിഗരിറ്റിസ് മേഘമലയെൻസിസ് (Cigaritis Meghamalaiensis) എന്നാണ് ഇതിനു പേരിട്ടത്. പ്രദേശത്തിന്റെ പേരിൽത്തന്നെയാണ് ഈ ചിത്രശലഭങ്ങൾ അറിയപ്പെടുകയെന്നും സുപ്രിയ സാഹു പറഞ്ഞു. ഡോ. കലേഷ് സദാശിവം, എസ്. രാമസാമി കാമയ, ഡോ. സി.പി. രാജ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ തേനി ആസ്ഥാനമായുള്ള വാനം എന്ന സന്നദ്ധസംഘടനയിലെ ഗവേഷകരാണ് പുതിയയിനം ചിത്രശലഭത്തെ കണ്ടെത്തിയത്. എന്റോമൺ’ ജേണലിൽ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് സുപ്രിയ സാഹു അറിയിച്ചു. പുതിയയിനംകൂടിയെത്തിയതോടെ പശ്ചിമഘട്ടത്തിലെ ആകെ ചിത്രശലഭങ്ങൾ 337 ആയി. പശ്ചിമഘട്ടത്തിൽമാത്രം കാണുന്ന 40 ചിത്രശലഭങ്ങളും ഇതിലുൾപ്പെടും.