ആറളം വന്യജീവിസങ്കേതത്തിൽ നടന്ന ചിത്രശലഭ ദേശാടന നിരീക്ഷണ സർവേയിൽ മോതിരവരയൻ നീലി ശലഭം ഉൾപ്പെടെ 175 ഇനങ്ങളെ കണ്ടെത്തി. ഇതോടെ വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ ചിത്രശലഭങ്ങളുടെ എണ്ണം 264 ആയി. മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിയ സർവേയിൽ 55-ഓളം ശലഭനിരീക്ഷകർ പങ്കെടുത്തു. സർവേ ആറളം വൈൽഡ്‌ലൈഫ് വാർഡൻ വി.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ആറളം അസി. വൈൽഡ്‌ലൈഫ് വാർഡൻ പി.പ്രസാദ്, ശലഭനിരീക്ഷകരായ വി.സി.ബാലകൃഷ്ണൻ, ഗിരീഷ് മോഹൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.രാജു എന്നിവർ സംസാരിച്ചു. ആറളം വൈൽഡ്‌ലൈഫ് വാർഡൻ വി.സന്തോഷ്‌കുമാർ, അസി. വൈൽഡ്‌ലൈഫ് വാർഡൻ പി.പ്രസാദ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ, പ്രദീപൻ കാരായി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.രാജു, കെ.രമേശൻ, എം.മനോജ്, കൺസർവേഷൻ ബയോളജിസ്റ്റ് എം.എ.യദുമോൻ, ശലഭനിരീക്ഷകരായ വി.സി.ബാലകൃഷ്ണൻ, ഗിരീഷ് മോഹൻ എന്നിവർ സർവേയ്ക്ക് നേതൃത്വം നൽകി.