ഇന്ത്യയിലാദ്യമായി ലവന്റ് പ്രാപ്പിടിയൻ (ലവന്റ് സ്പാരോഹോക്ക്) പക്ഷിയെ തൃശൂർ ചാവക്കാട് പുത്തൻ കടപ്പുറത്തു കണ്ടെത്തി. പക്ഷി നിരീക്ഷകരായ നിഷാദ് ഇഷാൽ, സനു രാജ്, യദു പ്രസാദ് എന്നിവരാണ്പുതിയ പക്ഷിയിനത്തെ കണ്ടെത്തിയത്. മൂവരും കേരള ബേഡേഴ്സ് ക്ലബ് അംഗങ്ങളാണ്. പക്ഷികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്ന ഇ–ബേഡ് ആപ്ലിക്കേഷനിലെ വിവരങ്ങൾ പ്രകാരം ഇന്ത്യയിൽ കണ്ടെത്തുന്ന 1368–ാം പക്ഷിയിനമാണിത്. കേരളത്തിൽ കണ്ടെത്തിയ പക്ഷിയിനങ്ങളുടെ എണ്ണം ഇതോടെ 553 ആയി. കഴിഞ്ഞ വർഷം നവംബറിൽ ലവന്റ് പ്രാപ്പിടിയൻ പക്ഷിയുടെ ചിത്രം പകർത്തിയിരുന്നെങ്കിലും തിരിച്ചറിഞ്ഞിരുന്നില്ല. സാധാരണ കേരളത്തിൽ കാണുന്ന പ്രാപ്പിടിയൻ പക്ഷിയെന്നാണ് ആദ്യം കരുതിയത്. പിന്നീട് സംശയം തോന്നി വിദഗ്ധരുടെ അഭിപ്രായം തേടിയപ്പോഴാണ് പുതിയ പക്ഷിയിനമാണെന്ന് അറിഞ്ഞത്. ദക്ഷിണേഷ്യയിൽ ആദ്യമായാണ് ഇവയെ കണ്ടെത്തുന്നത്. നിരീക്ഷണത്തിന്റെ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഗ്രീസ്, തെക്കൻ യൂറോപ്പ്, റഷ്യയുടെ തെക്ക്, കിഴക്ക് ഭാഗങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നാണ് ഇവ ദേശാടനം നടത്തുന്നത്. ശൈത്യകാലത്ത് ഈജിപ്ത്, തെക്കു–പടിഞ്ഞാറൻ ഇറാൻ ഭാഗങ്ങളിലേക്ക് ഇവ വലിയ കൂട്ടമായി ദേശാടനം നടത്താറുണ്ട്. ഇന്ത്യൻ ബേഡ്സ് ജേണൽ ചീഫ് എഡിറ്റർ ജെ.പ്രവീൺ, കേരള ബേഡ്സ് മീഡിയ വിദഗ്ധൻ അഭിനന്ദ് ചന്ദ്രൻ, മുതിർന്ന പക്ഷി ശാസ്ത്രജ്ഞൻ സി.ശശികുമാർ, നീരവ് ഭട്ട്, അയർലാൻഡ് സ്വദേശി ഓസ്കാർ കാംബെൽ, ഫിൻലാൻഡ് സ്വദേശി ഡിക്ക് ഫോർസ്മാൻ എന്നിവരാണ് കണ്ടെത്തിയ പക്ഷി ലവന്റ് സ്പാരോഹോക്കാണെന്ന് സ്ഥിരീകരിച്ചത്. മുതിർന്ന പക്ഷികളെ അപേക്ഷിച്ചു പ്രായം കുറഞ്ഞ പക്ഷികൾ പലപ്പോഴും പുതിയ സഞ്ചാര പാതകൾ സ്വീകരിക്കുന്നുണ്ട്. അങ്ങനെ എത്തിയതാവാം ഈ പക്ഷിയെന്ന് നിഷാദ് അഭിപ്രായപ്പെട്ടു. കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ നിഷാദ് കൺസ്ട്രക്‌ഷൻ സ്ഥാപനം നടത്തുകയാണ്. കോഴിക്കോട് നന്മണ്ട സ്വദേശിയായ സനുരാജ് അധ്യാപകനാണ്. കോഴിക്കോട് പാലാഴി സ്വദേശി യദുപ്രസാദ് റോബോട്ടിക് എൻജിനീയറിങ് വിദ്യാർഥിയാണ്.