
കേരളത്തില്‍ ഹനുമാന്‍മണല്‍ക്കോഴിയെ (ഹനുമാന്‍ പ്ലോവര്‍) കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കാപ്പാട് തീരത്താണ് ഹനുമാന്‍മണല്‍ക്കോഴിയെ തിരിച്ചറിഞ്ഞത്. ശ്രീലങ്കയിലും തെക്കേ ഇന്ത്യയിലെ ചിലയിടങ്ങളിലും മാത്രമാണിവയെ കാണാന്‍ കഴിയുക. പക്ഷിഗവേഷകനും പേരാമ്പ്ര സില്വയര്‍ കോളേജിലെ ജന്തുശാസ്ത്ര അധ്യാപകനുമായ ഡോ. അബ്ദുളള പാലേരിയാണ് പക്ഷിയുടെ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത്. അന്താരാഷ്ട്ര തണ്ണീര്‍ത്തട ഗവേഷകനായ ഡോ.തേയ്ജ് മുണ്ടുകരും കൊളംബോ സര്വാകലാശാലയിലെ പക്ഷിശാസ്ത്രജ്ഞനായ ഡോ.സമ്പത്തും ഹനുമാന്‍മണല്‍ക്കോഴി ആണിതെന്ന് സ്ഥിരീകരിച്ചതായി ഡോ.അബ്ദുള്ള പാലേരി പറയുന്നു. പക്ഷിനിരീക്ഷണവുമായി ബന്ധപ്പെട്ടുള്ള 'ഇ-ബേര്‍ഡില്‍' കേരളത്തില്‍ ഹനുമാന്‍മണല്‍ക്കോഴിയെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടില്ല. കേരളത്തിലെപക്ഷികളുടെചെക്ക് ലിസ്റ്റിലും ഹനുമാന്‍മണല്‍ക്കോഴി ഉള്‍പ്പെട്ടിട്ടില്ല. കേരളത്തിലെ കടലോരത്തും തണ്ണീര്‍ത്തടങ്ങളിലുമാണ് സാധാരണയായി ചെറുമണല്‍ക്കോഴികളെ കാണാന്‍ കഴിയുക. മുന്‍പ് ഹനുമാന്‍മണല്‍ക്കോഴിയെ ചെറുമണല്‍ക്കോഴിയുടെ ഉപവിഭാഗമായിട്ടാണ് പരിഗണിച്ചത്.ഇംഗ്ലണ്ടിലെയും ശ്രീലങ്കയിലെയും ശാസ്ത്രജ്ഞരാണ് ഹനുമാന്‍മണല്‍ക്കോഴി ഒരു പ്രത്യേക സ്പീഷിസ് ആണെന്ന് കണ്ടെത്തിയത്. ശ്രീലങ്കയിലും തെക്കേ ഇന്ത്യയിലും മാത്രം കാണുന്ന പക്ഷിയായതുകൊണ്ട് ഹനുമാന്‍മണല്‍ക്കോഴി എന്ന് പേരിടുകയായിരുന്നു.ചറാര്‍ഡ്‌റിയസ്സീബോമി എന്നാണ് ശാസ്ത്രനാമം.ചെറുമണല്‍ക്കോഴികള്‍ ദേശാടനപ്പക്ഷികളാണെങ്കില്‍ ഹനുമാന്‍മണല്‍ക്കോഴികള്‍ സ്ഥിരവാസിയാണ്. സ്ഥിരവാസിയാണെങ്കിലും കേരളത്തില്‍ കൂടുകൂട്ടുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഹനുമാന്‍മണല്‍ക്കോഴിയുടെ ആണ്‍പക്ഷിയുടെ നെറ്റിയില്‍ ഒരു കറുത്തപട്ട കാണാം. ചെറിയ മണല്ക്കോരഴിയുടെ നെറ്റിയില്‍ ഈ വര കാണില്ല. പ്രജനനകാലത്ത് മണല്‍ക്കോഴിയുടെ ആണ്‍പക്ഷിക്ക് ഒരു ചുവന്നതൊപ്പി കാണാം. ഹനുമാന്‍മണല്‍ക്കോഴിക്ക് ഇതില്ല.