ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കൻ മേഖലയിൽ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ ഉൾപ്പെടെയുള്ള പ്രദേശത്ത് പ്രജനനം നടത്തുന്ന ബ്രിസിൽഡ് ഗ്രാസ് ബേഡ് എന്ന മുള്ളൻ പുൽക്കുരുവി തൃത്താല നിളാതടത്തിൽ. തൃത്താല പഞ്ചായത്തിലെ കൊയ്ത്തുകഴിഞ്ഞ നെൽവയലോരത്തെ പുൽക്കൂട്ടത്തിലാണ് ഈ പക്ഷി സന്ദർശകനായെത്തിയത്. സാധാരണയായി പ്രദേശത്ത് കണ്ടുവരുന്ന കുരുവി വർഗത്തിൽപ്പെട്ട പക്ഷികളേക്കാൾ വലുപ്പമുള്ള ഇവയുടെ നിറം പൊതുവേ തവിട്ടാണ്. പുറത്ത് തവിട്ടുനിറത്തിൽ വീതികൂടിയ കടുത്ത വരകളുണ്ട്. ബലമുള്ള കൊക്കുകൾ ഉണ്ട്. കാലുകൾക്കും തവിട്ടുനിറമായിരിക്കും. കൊക്കിന്റെ നിറം കറുപ്പാണ്, മങ്ങിയ പുരികമായിരിക്കും, അടിവശത്ത് അടയാളങ്ങൾ ഒന്നുമില്ല. പെൺപക്ഷിയുടെ നീളം 16 മുതൽ 17 സെന്റീമീറ്റർ വരെയായിരിക്കും. ആൺപക്ഷിക്ക് 14.5 മുതൽ 15.5 സെന്റീമീറ്റർ വരെ നീളമുണ്ടാവും, ചിറകു വിരിച്ചാൽ 80 മുതൽ 92 സെന്റീമീറ്റർ വരെയാണ് നീളമുണ്ടാവുക. കുറച്ച് നീളമേറിയ വാലാണ് ഇവയ്ക്കുള്ളത്. ആൺപക്ഷിയുടെ വാലിന് 7.2 മുതൽ 8.2 സെന്റീമീറ്റർ വരെയും പെൺപക്ഷിയുടെ വാലിന് 8.4 സെന്റീമീറ്റർ മുതൽ 9.0 സെന്റീമീറ്റർ വരെയും നീളമുണ്ടാവും. ഉയരമുള്ള പുൽച്ചെടികൾക്കിടയിൽ ഒളിച്ചു കഴിയാൻ ഇഷ്ടപ്പെടുന്ന ഈ പക്ഷിയുടെ ഭക്ഷണം പുല്ലുകൾക്കിടയിലുള്ള പ്രാണികളാണ്. നീളമുള്ള പുൽച്ചെടികൾ വളരുന്ന താഴ്ന്ന പ്രദേശങ്ങളിലെ പുൽമേടുകളും നീർത്തടങ്ങളും ചതുപ്പുപ്രദേശത്തെ പുൽപ്പറമ്പുകളുമാണ് ഈ പക്ഷിയുടെ പ്രധാന ആവാസകേന്ദ്രങ്ങൾ. പാലക്കാട് ജില്ലയിൽ ഈ പക്ഷിയെ ഇതിനുമുൻപ് കണ്ടിട്ടുള്ളത് 2020-ൽ കഞ്ചിക്കോട് വനാതിർത്തി പ്രദേശത്താണെന്ന് പക്ഷിനിരീക്ഷകർ ഇ-ബേർഡ് വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. തൃത്താല നിളാതടത്തിൽ ഈ പക്ഷിയെ കണ്ടെത്തിയതും ചിത്രം പകർത്തിയതും പക്ഷിനിരീക്ഷകനായ ഷിനോ ജേക്കബ് കൂറ്റനാട് ആണ്.