രാസകീടനാശിനികൾക്ക് ബദലായി പാർശ്വഫലങ്ങളില്ലാത്ത ജൈവകീടനിയന്ത്രണത്തിന് സഹായിക്കുന്ന ‘ടീനിയോ ഗൊണാലസ്’ ഇനത്തിൽപ്പെട്ട പുതിയ ഇനം പരാദകടന്നലുകളെ കണ്ടെത്തി. ‘ടീനിയോ ഗൊണാലസ് ദീപക്കി’ എന്ന് പേരിട്ട കടന്നലിനെ ബെംഗളൂരുവിലെ അശോക ട്രസ്റ്റ് ഫോർ റിസർച്ച് ഇൻ ഇക്കോളജി ആൻഡ് എൻവയൺമെന്റിലെ എന്റമോളജിസ്റ്റുകളായ ഫെമി ബെന്നി എഴുത്തുപള്ളിക്കൽ (ഇരിട്ടി), എ.പി. രഞ്ജിത്ത് (പട്ടാമ്പി), പ്രിയദർശൻ ധർമജൻ (കൊല്ലം) എന്നിവർ കർണാടകയിലെ ബെലഗാവിയിലാണ് കണ്ടെത്തിയത്. ന്യൂസീലൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര റിസർച്ച് ജേണലായ സൂട്ടാക്സയുടെ പുതിയ ലക്കത്തിൽ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു. പ്രകൃതിസ്നേഹിയായ ഡോ. ദീപക് ദേശ്പാണ്ഡെയോടുള്ള ബഹുമാനാർഥം ‘ടീനിയോ ഗൊണാലസ് ദീപക്കി’ എന്നാണ് പേര് നൽകിയത്. ‘ഹൈപ്പർ പാരസൈറ്റോയിഡിസം’ എന്ന് ശാസ്ത്രലോകത്തിൽ അറിയപ്പെടുന്ന സങ്കീർണമായ ജീവിതരീതി പിന്തുടരുന്ന ഈ ഇനം പരാദകടന്നലുകൾ ഇലകളിൽ ധാരാളം മുട്ടകളിടുന്ന കൂട്ടത്തിലാണ്. കീടങ്ങളുടെ കാറ്റർപില്ലർ (പുഴു) ഈ മുട്ടകൾ കഴിക്കുന്നതിലൂടെ അവയുടെ ശരീരത്തിലേക്ക് കടക്കുന്നു. ഇങ്ങനെ എത്തിപ്പെടുന്ന ലാർവകൾ മുന്നേ കയറിപ്പറ്റിയ മറ്റ് ഇനത്തിൽപ്പെട്ട പരാദലാർവകളെ ഭക്ഷണമാക്കിയാണ് കീടനിയന്ത്രണം സാധ്യമാക്കുന്നത്. ഇന്ത്യയിൽ ഇതിനകം ‘ടീനിയോ ഗൊണാലസ്’ ഇനത്തിൽപ്പെട്ട ആറ് സ്പീഷീസുകളെയാണ് കണ്ടെത്തിയത്. പുതിയ പരാദജീവികളുടെ കണ്ടെത്തലുകൾ പശ്ചിമഘട്ട മലനിരകളുടെ ജൈവവൈവിധ്യത്തിന്റെ പുതിയ സൂചനകളായി കണക്കാക്കാമെന്ന് ഗവേഷകർ പറഞ്ഞു.