ജമ്മു കശ്മീരിലെ രജൗരിയിൽ ആദ്യമായി നീളൻ ചെവിയൻ ഹെഡ്ജ്ഹോഗിനെ (Indian long-eared hedgehog) കണ്ടെത്തി. രജൗരി–പൂഞ്ച് വൈൽഡ് ലൈഫ് ഡിവിഷൻ ഉദ്യോഗസ്ഥരാണ് ഇതിനെ പിടികൂടിയത്. മുള്ളൻപന്നിയാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകനായ ഡോ. ശ്യാംകാന്ത് എസ്. തൽമലൈയാണ് ഹെഡ്ജ്ഹോഗ് ആണെന്ന് അറിയിച്ചത്. ജനിതക പരിശോധനകൾക്കായി വിദഗ്ധസംഘം സാംപിളുകൾ ശേഖരിച്ചു. Hemiechinus collaris എന്ന ശാസ്ത്രനാമത്തിലാണ് ഇന്ത്യൻ ലോങ് ഇയേർഡ് ഹെഡ്ജ്‌ഹോഗുകൾ അറിയപ്പെടുന്നത്. കാണാൻ മുള്ളൻപന്നിയെ പോലെ തോന്നുമെങ്കിലും ഹെഡ്ജ്ഹോഗുകൾ കരണ്ടുതീനി വിഭാഗത്തിൽ ഉൾപ്പെടുന്നവയല്ല. മുള്ളൻപന്നികൾ റോഡൻഷ്യ ഓർഡറിൽ ഉൾപ്പെടുന്നവയാണ്. ഹെഡ്ജ്ഹോഗുകളാകട്ടെ, യൂലിപ്പോട്ടിഫ്ള ഓർഡറിലും വടക്കേ ഇന്ത്യയിലും പാകിസ്താനിലും ഇവയെ കാണാൻ കഴിയും.