നീലക്കടുവ, കടുംനീലക്കടുവ, അരളി ശലഭം, പുലിത്തെയ്യൻ ശലഭം തുടങ്ങിയ ചിത്രശലഭങ്ങൾ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് ദേശാടനത്തിനെത്തിയതായി സർവേയിൽ കണ്ടെത്തി. അടിവാരങ്ങളിലും താഴ്‌വരകളിലും ഇവയുടെ കൂട്ടങ്ങളെയും വ്യത്യസ്ത ഇനങ്ങളുടെ കൂടിച്ചേരലും ശ്രദ്ധയിൽപ്പെട്ടു. തിരുവനന്തപുരം വന്യജീവി ഡിവിഷന്റെ നാലുദിവസത്തെ ജന്തു സർവേയിലാണ് ഈ കണ്ടെത്തൽ. തിരുവനന്തപുരം ആസ്ഥാനമായ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയും കേരള വനം-വന്യജീവി വകുപ്പും സംയുക്തമായാണ് പഠനം നടത്തിയത്. നെയ്യാർ വന്യജീവിസങ്കേതം, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്, പേപ്പാറ വന്യജീവിസങ്കേതം എന്നിവിടങ്ങളിലായിരുന്നു സർവേ. മൺസൂൺ വരവിനെ ആശ്രയിച്ചാണ് ചിത്രശലഭങ്ങളുടെ ദേശാടനം. മഴ വരുമ്പോഴേക്കും ഇവ പൂർവഘട്ടങ്ങളിലേക്കും ദേശാടനം നടത്തുമെന്ന് സർവേയിൽ പങ്കെടുത്ത ഡോ. കലേഷ് സദാശിവൻ പറഞ്ഞു. നെയ്യാർ വന്യജീവി സങ്കേതത്തിൽനിന്ന് 157 ചിത്രശലഭങ്ങളെയും 135 പക്ഷികളെയും 37 ഷഡ്പദങ്ങളെയും പേപ്പാറ വന്യജീവി സങ്കേതത്തിൽനിന്ന് 168 ചിത്രശലഭങ്ങളെയും 90 പക്ഷികളെയും 46 ഷഡ്പദങ്ങളെയും കണ്ടെത്തി. സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പൽ ഉൾപ്പെടെ 170 ഇനം പക്ഷികളെയും കണ്ടതായി സർവേ രേഖപ്പെടുത്തി. കരിഞ്ചുൻ ഇത്തിക്കണ്ണി, മഞ്ഞത്തേൻകിളി, തീക്കാക്ക, നീലഗിരി മരപ്രാവ്, മാക്കാച്ചിക്കാട, പുൽമേടുകളിൽ കാണുന്ന പാറനിരങ്ങൻ, കരിഞ്ചെമ്പൻ പാറ്റപിടിയൻ, ഷോലക്കിളി തുടങ്ങിയവയെയും കണ്ടെത്തി. പുൽപ്പരുന്ത്, കരിമ്പരുന്ത്, ചെമ്പനെറിയൻ, വെള്ളവയറൻ ശരപ്പക്ഷി, മീൻകൂമൻ, ചതുരവാലൻ ഡ്രോങ്കോ-കുക്കു തുടങ്ങിയവയാണ് മറ്റു ചില ഇനങ്ങൾ. ബംഗാൾ കടുവ, ആനക്കൂട്ടങ്ങൾ, നീർനായ തുടങ്ങി ജൈവ വൈവിധ്യ സമ്പന്നതയുടെ ചിത്രമാണ് സർവേയിൽ തെളിഞ്ഞതെന്ന് തിരുവനന്തപുരം വന്യജീവിവിഭാഗത്തിലെ വൈൽഡ് ലൈഫ് വാർഡൻ സുരേഷ് ബാബു പറഞ്ഞു.