
കായാമ്പൂ കണ്ണിൽ വിരിയും കമലദളം കവിളിൽ വിടരും... 1969ൽ പുറത്തിറങ്ങിയ 'നദി' എന്ന ചിത്രത്തിലെ ഈപ്രണയഗാനം മൂളാത്ത മലയാളികളുണ്ടാകില്ല. വയലാർ രാമവർമ്മയുടെ വരികൾക്ക് ദേവരാജൻ മാസ്റ്റർ സംഗീതം നിർവഹിച്ച് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് ജീവൻ നൽകിയതയാകട്ടെ മലയാളികളുടെ ഇഷ്ടതാരമായ പ്രേംനസീറുമാണ്. നസീർ തൻെറ പ്രണയിനിയുടെ കണ്ണുകളെ കായാമ്പൂവിൻെറ തിളക്കത്തോട് ഉപമിക്കുന്നതാണ് പാട്ടിലെ വരികൾ. അത്രത്തോളം തിളക്കവും സൗന്ദര്യവുമുള്ള പൂവാണ് കാഞ്ഞാവെന്നും കാശവെന്നും വിളിപ്പേരുള്ള കായാമ്പൂവെന്ന് സാരം. എന്നാൽ അത്രത്തോളം സുഗന്ധവും സൗന്ദ്യര്യവുമുള്ള കായാമ്പൂ അന്യംനിൽക്കുന്ന അവസ്ഥയിലാണ്. അറിഞ്ഞോ അറിയാതെയോ കായാമ്പൂവെന്ന കുറ്റിച്ചെടിയുടെ എണ്ണം കുറഞ്ഞുവരികയാണ്. എന്നാൽ തെന്മല ഇക്കോടൂറിസത്തിൻെറ ചിത്രശലഭപാർക്കിലെത്തുന്നവർക്ക് പൂത്തുലഞ്ഞുനിൽക്കുന്ന കായാമ്പൂവിൻെറ കൗതുക കാഴ്ച ആസ്വദിക്കാനാകും. കായാമ്പൂ പൂത്തുനിൽക്കുന്ന കാഴ്ച കണ്ണിനും മനസ്സിനും മാത്രമല്ല സുഗന്ധവും കൂടിപരത്തുന്നതോടെ സഞ്ചാരികൾക്ക് പുത്തൻ അനുഭവമാകുകയാണ്. പാട്ടിലൂടെ കേട്ടറിഞ്ഞിട്ടുള്ള കായാമ്പൂ പൂത്തത് നേരിട്ടുകാണാനായതിൻെറ സന്തോഷത്തിലാണ് പല സഞ്ചാരികളും.