നെല്ലിയാമ്പതി മലനിരകളിൽ നിന്ന് സ്റ്റെല്ലേറിയ (കാരിയോഫിലേസി സ്പീഷീസ്) വിഭാഗത്തിലെ പുതിയ ഇനം സസ്യം ഗവേഷകർ കണ്ടെത്തി. വിഖ്യാത ജനിതക ശാസ്ത്രജ്ഞയായ ബാർബറ മക്ലിന്റോക്കിന്റെ ബഹുമാനാർഥം പുതിയ ഇനത്തിന് സ്റ്റെല്ലേറിയ മക്ലിൻടോക്കിയേ എന്നു പേരിട്ടു. ഇന്ത്യയുടെ തെക്കൻ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഈ സ്പീഷീസിലെ ആദ്യ സസ്യമാണിത്. സൂക്ഷ്മ വിലയിരുത്തലിൽ, നിലവിൽ കണ്ടെത്തിയ ഈ സ്പീഷീസിലെ സസ്യങ്ങളെ അപേക്ഷിച്ച് ഏറെ പ്രത്യേകതകൾ ഇതിനുണ്ട്. പുതിയ സ്പീഷീസ് സ്റ്റെല്ലേറിയമീഡിയ എന്ന സസ്യ ഗ്രൂപ്പിന്റെ ഭാഗമാണ്. ഔഷധഗുണങ്ങൾ ഉൾപ്പെടെ തുടർന്ന് പഠന വിധേയമാക്കേണ്ടതുണ്ട്. കോയമ്പത്തൂർ പിഎസ്ജി ആർട്സ് ആൻഡ് സയൻസ് കോളജിലെ അസി.പ്രഫ.ഡോ.ആര്യയാണ് കണ്ടെത്തലിനു പിന്നിൽ. കാസർകോട് ഗവ.കോളജ് പ്രിൻസിപ്പൽ ഡോ.അനിൽകുമാർ, പാലക്കാട് വിക്ടോറിയ കോളജിലെ അധ്യാപകരായ ഡോ.വി.സുരേഷ്, ഡോ. സോജൻ ജോസ്, അലൻ അലക്സ് എന്നിവരും പഠനത്തിൽ പങ്കാളികളായി.