JavaScript must be enabled in order for you to use the Site in standard view. However, it seems JavaScript is either disabled or not supported by your browser. To use standard view, enable JavaScript by changing your browser options.

| Last Updated:13/09/2024

Latest News

Archive

നെല്ലിയാമ്പതി മലനിരകളിൽ നിന്ന് പുതിയ കാശിതുമ്പയെ കണ്ടെത്തി (Source: Mathrubhumi 24.05.2024)

കേരളത്തിലെ നെല്ലിയാമ്പതി മലനിരകളിലെ ജൈവവൈവിധ്യത്താൽ സമ്പന്നമായ മിന്നാം പാറയിൽ നിന്ന് സസ്യശാസ്ത്രജ്ഞരുടെ ഒരു സംഘം പുതിയ ഇനം കാശി തുമ്പ കണ്ടെത്തി. ഇംപേഷിയൻസ് ജനുസ്സിൽ നിന്നുള്ള ഈ സസ്യത്തിന് Impatiens minnamparensis എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഇതിന് 4-10 സെൻ്റിമീറ്റർ ഉയരമുണ്ട്, ചുവന്ന വരകളാൽ അലംകൃതമായ മനോഹരമായ പാൽ വെള്ള മുതൽ പിങ്ക് കലർന്ന പൂക്കൾ ഇവയുടെ പ്രത്യേകതയാണ്. പുതിയ ഇനം സസ്യം ഇംപേഷ്യൻസ് ജനുസിലെ യൂണിഫ്ലോറേ വിഭാഗത്തിൽ പെടുന്നു, അവയുടെ ഒറ്റ പൂക്കളുള്ള പൂങ്കുലകളും ചെറുതും തടിച്ചതുമായ കായകളും ഇവയുടെ മറ്റ് സവിശേഷതകൾ ആണ്. ഇംപേഷ്യൻസ് ശശിധരണി, ഇംപേഷ്യൻസ് റുപിക്കോള എന്നീ രണ്ട് ബാൽസങ്ങളുമായി Impatiens minnamparensis ന് വളരെ സാമ്യമുണ്ട്. എന്നാൽ അതിൻ്റെ അണ്ഡാകാര-ആകൃതിയിലുള്ള ഇലകൾ, അതിൻ്റെ വിദൂര ദളങ്ങളുടെ ആകൃതി, ചുവന്ന പാടുകളുള്ള തേൻ വാഹകം (Spur) എന്നിവയാൽ വേർതിരിച്ചറിയാൻ കഴിയും. 2021-ൽ മിന്നാംപാറയിലെ പാറകൾ നിറഞ്ഞ പുൽമേടുകളിൽ നടത്തിയ ഒരു സർവേയിൽ ആണ് ഇതിനെ ആദ്യം കണ്ടെത്തിയത്. അതിൻ്റെ രൂപഘടനയും മറ്റ് പശ്ചിമഘട്ട ബാൽസങ്ങളുമായി താരതമ്യപ്പെടുത്തലും മറ്റ് പഠനങ്ങൾക്കും ശേഷം ഇത് ശാസ്ത്രലോകത്തിന് അന്നേ വരെ അപരിചിതം ആയ ഒരു സസ്യമാണ് എന്ന് സ്ഥിരീകരിച്ചു. ന്യൂസിലൻഡിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര സസ്യശാസ്ത്ര ജേണൽ ആയ ഫൈട്ടോടാക്സ യുടെ ഏറ്റവും പുതിയ ലക്കത്തിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ PSG കോളേജ് ഓഫ് ആർട്സ് & സയൻസിൽ നിന്നുള്ള ഡോ. ആര്യ സിന്ധു ആണ് പഠനത്തിന് നേതൃതം നൽകിയത്, കാസർകോട് ഗവൺമെൻ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽകുമാറിൻ്റെ മേൽനോട്ടത്തിലായിരുന്നു പഠനം. പാലക്കാട് ഗവൺമെൻ്റ് വിക്ടോറിയ കോളേജിലെ അംബിക, അലൻ അലക്‌സ് ഫിലിപ്പ്; ഡോ. സോജൻ ജോസ്, ഡോ. സുരേഷ് വി എന്നിവരും പഠനത്തിൽ പങ്കാളികൾ ആണ്. കേവലം അഞ്ച്ി ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള പ്രദേശത്ത് മാത്രം കാണപ്പെടുന്ന ഇംപേഷ്യൻസ് മിന്നാംപാറെൻസിസ് വംശനാശഭീഷണി നേരിടുന്ന സസ്യവിഭാഗമാണ്.