JavaScript must be enabled in order for you to use the Site in standard view. However, it seems JavaScript is either disabled or not supported by your browser. To use standard view, enable JavaScript by changing your browser options.

| Last Updated:15/10/2024

Latest News

Archive

കണ്ടാൽ മൂങ്ങയെ പോലെ, പക്ഷേ ചെടിയാണ്; തായ്‌ലൻഡിലെ മില്ലിമീറ്റർ വലുപ്പത്തിലുള്ള അപൂർവ സസ്യം ! (Source: Malayala Manorama 28.05.2024)

 

രാത്രിയിൽ കണ്ടാൽ കടുംപച്ചനിറത്തിൽ തിളങ്ങുന്ന മൂങ്ങയുടെ പ്രതീതി സൃഷ്ടിക്കുന്ന സസ്യമാണ് തിസ്മിയ തയ്തോങ്ങിയാന. ഇത്തവണത്തെ വേൾഡ് നേച്ചർ ഫൊട്ടോഗ്രഫി അവാർഡ്സിൽ ഒരു വിഭാഗത്തിൽ പുരസ്കാരം ലഭിച്ചത് ഈ അപൂർവസസ്യത്തിന്റെ ചിത്രത്തിനായിരുന്നു. തായ്‌ലൻഡിലെ ഒരു വന്യജീവി സംരക്ഷണകേന്ദ്രത്തിലാണ് ഈ സസ്യം വളരുന്നത്. മരങ്ങളുടെ താഴെ നിന്നും ഇവ മുളച്ചുവരും. മൈക്കോ ഹെറ്ററോടോപിക് വിഭാഗത്തിൽ പെടുന്നതാണ് ഈ സസ്യം. സാധാരണ സസ്യങ്ങളെപ്പോലെ പ്രകാശസംശ്ലേഷണത്തിലൂടെ ഊർജവും ധാതുക്കളും കണ്ടെത്തുന്നതിനു പകരം ഫംഗസുകളിൽ നിന്നാണ് ഈ സസ്യങ്ങൾ സ്വീകരിക്കുന്നത്. മരങ്ങളുടെ വേരുകളുമായി ബന്ധപ്പെട്ടുള്ള ഫംഗസുകളെ ചുറ്റിപ്പറ്റിയാണ് ഇവയുടെ വളർച്ച. 2018ൽ തായ്‌ലൻഡിലെ ഡോയ് ഹുവാ മോട്ട് മലനിരകളിലാണ് ഇവയെ കണ്ടെത്തിയത്. ഈ സസ്യത്തെക്കുറിച്ചുള്ള പഠനങ്ങൾ കുറവായതിനാൽ ഇവയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. വിചിത്രമൂങ്ങയുടെ കണ്ണ് എന്ന് തായ്‌ലൻഡിലെ ഭാഷയിൽ അർഥം വരുന്ന ഫിസവോങ് ടാ നോക് ഹുക് എന്ന പേരും ഇതിനുണ്ട്. ഈ ചെടി മണ്ണിൽ നിന്നു പൊട്ടിവിടരുന്ന ഘട്ടമെത്തുന്നതു വരെ ഭൂമിക്കടിയിലാണ് വസിക്കുന്നത്. ഭൂമിയിൽ നിന്നു വന്നാലും ഇവയെ കണ്ടെത്താൻ പാടാണ്. ഇവയുടെ വലുപ്പം വളരെ ചെറുതായതിനാലാണ് ഇത്. 2 മുതൽ 8 മില്ലിമീറ്റർ വരെയാണ് ഇവയുടെ വലുപ്പം. ഈ സസ്യങ്ങളല്ലാതെയും മൈക്കോ ഹെറ്ററോടോപിക് ശൈലി പിന്തുടരുന്നവയുണ്ട്. ഫംഗസുകളിൽ നിന്ന് ഊർജവും ധാതുക്കളും മോഷ്ടിക്കുന്നവയായാണ് ഇവയെ കണക്കാക്കുന്നത്.