
കോഴിക്കോട് കുന്ദമംഗലം ഐ.ഐ.എം. കാംപസില് പശ്ചിമഘട്ടത്തില്മാത്രം കാണപ്പെടുന്ന സസ്യങ്ങളും പക്ഷികളുമടക്കം 668 സ്പീഷീസുകൾ കണ്ടെത്തി. 350-ല് അധികം സസ്യങ്ങള് കണ്ടെത്തിയതില് ഇന്ത്യയിലും ശ്രീലങ്കയിലും മാത്രം കാണുന്ന ആലുകള്, മെഡഗാസ്കറില് കാണുന്ന പന, ആഫ്രിക്കയില് കാണപ്പെടുന്ന കൈഗേലിയ ആഫ്രിക്ക (ശിവകുണ്ഠലം) തുടങ്ങിയവയുണ്ട്. കണ്ടെത്തിയ 69 പക്ഷികളെ ഒന്പതെണ്ണം ദേശാടനപ്പക്ഷികളാണ്. മൂന്നെണ്ണം പശ്ചിമഘട്ടത്തില്മാത്രം കാണപ്പെടുന്നവയും. 19 ഉഭയജീവികളില് നാല്പത് ശതമാനവും പശ്ചിമഘട്ടത്തില് മാത്രമുള്ളവയാണ്. വംശനാശഭീഷണി നേരിടുന്ന അര്ബന് ഗോള്ഡന് ബാക്ക് ഫ്രോഗ്, കേരള സ്കിറ്ററിങ് ഫ്രോഗ് എന്നിവയുമുണ്ട്. 22 തരം ഉരഗങ്ങളില് നേരത്തേ ചെങ്ങോടുമലയില് കണ്ടെത്തിയ അപൂര്വ ഇനം പല്ലികളായ ചെങ്ങോടുമല ഗെക്കോല്ല, ചെങ്ങോടു മലെന്സിസ് എന്നിവയുണ്ട്. ഷെഡ്യൂള് ഒന്ന് വിഭാഗത്തില്പ്പെട്ട ബംഗാള് മോണിറ്റര് (ഉടുമ്പ്), ഇന്ത്യന് റോക്ക് പൈത്തണ് (പെരുമ്പാമ്പ്), റസല് വൈപ്പര് (അണലി), ചെക്കേഡ് കീല്ബാക്ക് (നീര്ക്കോലി), സ്പെക്ടാക്കിള്ഡ് കോബ്ര (മൂര്ഖന്) തുടങ്ങിവയുമുണ്ട്. കുറുനരി, കാട്ടുപൂച്ച, കീരി, കുരങ്ങ്, മുള്ളന്പന്നി, കാട്ടുപന്നി തുടങ്ങി 19 തരം സസ്തനികളാണുള്ളത്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചിത്രശലഭമായ പാപ്പിലിയോ ബുദ്ധ, മലബാര് ബാന്ഡിഡ് പീക്കോക്ക്, കര്ണാടകയുടെ ചിത്രശലഭമായ സതേണ് ബേര്ഡ് വിങ് എന്നീ ചിത്രശലഭങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. 113 ഏക്കറിലാണ് ഇത്രയും വൈവിധ്യങ്ങള് കണ്ടെത്തിയത്. മലബാര് നാച്വറല് ഹിസ്റ്ററി സൊസൈറ്റിയാണ് സര്വേ നടത്തിയത്. ഐ.ഐ.എം ഡയറ്ക്ടര് പ്രൊഫ. ദേബഷിഷ് ചാറ്റര്ജിക്ക് നല്കി പക്ഷിനിരീക്ഷകന് സത്യന് മേപ്പയ്യൂര് സര്വേ റിപ്പോര്ട്ട് പ്രകാശനംചെയ്തു.