
സസ്യശാസ്ത്ര ലോകത്തിന് മൂന്ന് പുതിയ സസ്യങ്ങളെ കൂടി പരിചയപ്പെടുത്തി മലയാളി ഉൾപ്പെട്ട ഗവേഷക സംഘം. ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യ അരുണാചൽ പ്രദേശ് റീജണൽ സെന്ററിൽ സീനിയർ പ്രിസർവേഷൻ അസിസ്റ്റന്റും മലയാളിയുമായ അക്ഷത് ഷേണായ് ഉൾപ്പെട്ട സംഘമാണ് രണ്ട് ഇനങ്ങളിലായുള്ള മൂന്ന് പുതിയ സസ്യങ്ങളെ കണ്ടെത്തിയത്. അരുണാചൽ പ്രദേശ് ഉൾപ്പെടുന്ന വടക്കുകിഴക്കൻ ഹിമാലയ നിരകളിലെ വനപ്രദേശങ്ങളിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്. ഇവയിൽ രണ്ടു സസ്യങ്ങൾ ജെസ്നറിയേസിയേ കുടുംബത്തിൽ ഉൾപ്പെട്ടതാണ്. ഏസ്ക്കിനാന്ന്തസ് മവോയിയെന്നും പെട്രോകോസ്മിയ അരുണാചലെന്സിസ് എന്നുമാണ് ഇവയ്ക്ക് പേരിട്ടത്. വരാപ്പുഴ സ്വദേശിയായ അക്ഷത് ഷേണായ് മൂന്ന് സസ്യങ്ങളെയും കണ്ടെത്തിയ സർവേകളിൽ അംഗമായിരുന്നു. പടർന്ന വള്ളികളിൽ ചുവന്ന നിറത്തിലുള്ള പൂക്കളോടുകൂടി കാണപ്പെടുന്നതാണ് ഏസ്ക്കിനാന്തസ് മവോയി. പെട്രോകോസ്മിയ അരുണാചലെന്സിസ് എന്ന് നാമകരണം ചെയ്തിരിക്കുന്ന സസ്യം സാധാരണയായി നനവുള്ള പാറകളുടെ മുകളിൽ പറ്റിപ്പിടിച്ചു വളരുന്നവയാണ്. ചെറിയ നീല പൂക്കളാണിതിന്. ഫ്രൈമേസിയേ സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന സിർട്ടാൻഡ്രോമോയിയ സുധാൻസൂയിയാണ് മൂന്നാമത്തെ സസ്യം. ബി.എസ്.ഐയിലെ ശാസ്ത്രജ്ഞരായ മാനസ് രഞ്ജൻ ദേബ്ത, ഡോ. കൃഷ്ണ ചൗളു, പ്രോജക്ട് ഫെലോ അജിത്ത് റെ, റഷ്യയിൽ നിന്നുള്ള മക്സിം നുറലേവ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന് ബോട്ടണി വിഭാഗം മേധാവി ഡോ. സന്തോഷ് നമ്പി, റിസർച്ച് സ്കോളർ എം.കെ. അഖിൽ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.