Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Saturday, July 12, 2025

Latest News

Archive

കേരളത്തിൽ നിന്ന് രണ്ട് പൂവീച്ചകളെ കണ്ടെത്തി; ഇവയെ സംസ്ഥാനത്ത് കണ്ടെത്തുന്നത് ഇതാദ്യം (Source: Mathrubhumi 19.07.2024)

 

കേരളത്തിൽ നിന്ന് രണ്ട് പൂവീച്ചകളെ ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി റിസർച്ച് ലാബിലെ ഗവേഷകർ കണ്ടെത്തി. മെസെംബ്രിയസ് ബെംഗാലെൻസിസ്, മെസെംബ്രിയസ് ക്വാഡ്രിവിറ്റാറ്റസ് എന്നീ പൂവീച്ചകളെയാണ് കണ്ടെത്തിയത്. കേരളത്തിൽ ആദ്യമായാണ് ഇവയെ കണ്ടെത്തുന്നത്. ക്രൈസ്റ്റ് കോളേജിലെ എസ്.ഇ.ആർ.എല്ലിലെ ഗവേഷകൻ സി. അതുൽ ശങ്കർ, ലാബ് ഡയറക്ടറും സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. സി. ബിജോയ്, പുല്ലൂറ്റ് കെ.കെ.ടി.എം. ഗവ. കോളേജിലെ സുവോളജിവിഭാഗം മേധാവി ഡോ. ഇ.എം. ഷാജി എന്നിവർ ചേർന്നാണ് പൂവീച്ചകളെ കണ്ടെത്തിയത്. ഇതാദ്യമായാണ് മെസെംബ്രിയസ് ജീവിവർഗത്തിൽ വരുന്ന പൂവീച്ചകളെ കേരളത്തിൽ നിന്ന് കണ്ടെത്തുന്നത്. ഈച്ചകളും കൊതുകുകളും ഉൾപ്പെടുന്ന ഓർഡർ ഡിപ്റ്റെറയിലെ (Diptera), സിർഫിഡേ (Syrphidae) കുടുംബത്തിൽപ്പെട്ടവയാണിവ. തേനീച്ചകളെയും പല കടന്നലുകളെയും പോലെ പൂക്കളിലെ പതിവ് സന്ദർശകർ ആയതിനാലാണ് ഇവയെ പൂവീച്ച (flower flies) എന്ന് വിളിക്കുന്നത്. ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ തേനീച്ചകളെയോ കടന്നലുകളെയോ പോലെ അനുരൂപം നേടിയിട്ടുള്ള ഇവ നിരുപദ്രവകാരികളും സസ്യങ്ങളുടെ പരാഗണത്തിൽ വലിയ പങ്കുവഹിക്കുന്നവരുമാണ്. അസോസിയേഷൻ ഫോർ അഡ്വാന്സ്മെന്റ് ഓഫ് എന്റമോളജിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ എന്റോമോണിലെ (ENTOMON) ജൂലായ് ലക്കത്തിലാണ് ചിത്രങ്ങൾ സഹിതം പഠനം പൂർണമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൂവീച്ചകളുടെ ജൈവവൈവിധ്യവും വ്യാപനവും പൊതുജനപങ്കാളിത്തത്തോടെ മനസ്സിലാക്കാൻ ഈ ഗവേഷണപഠനം സഹായകമാകുമെന്ന് ഗവേഷകൻ സി. അതുൽ ശങ്കർ പറഞ്ഞു.