
സ്വർണത്തിന്റെ അംശമുള്ള ഓറിഫറസ് ക്വാർട്സ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച ശിലകൾ. പലതരം ധാതുക്കളും ഫോസിലുകളും. കേൾക്കുമ്പോൾ കൗതുകം തോന്നുന്ന ഇവയെല്ലാം കാസർകോട് ഗവ. കോളേജിലുണ്ട്. ജിയോളജി ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ മ്യൂസിയമാണ് ഭൗമശാസ്ത്ര പഠനത്തിൽ തൽപരരായവരെ ആകർഷിക്കുന്നത്. രാജ്യത്തിനകത്തും പുറത്തുനിന്നും ശേഖരിച്ച ലാവയിൽ നിന്ന് രൂപപ്പെട്ട ആഗ്നേയശിലകൾ,കായാന്തരിതശിലകൾ, അവസാദശിലകൾഎന്നിവയുടെ വലിയ ശേഖരവും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മികച്ച ഫോസിലുകളുടെ ശേഖരവുമുണ്ട്. ജിയോളജി പഠനത്തിൽ അത്യാവശ്യമായതിനാൽ ഈ പ്രദർശന വസ്തുക്കൾക്ക് മൂല്യമേറെയാണ്. ശിലകളുടെ പഠനത്തിലും ഭൂമിയിലെ പാളികളെപ്പറ്റിയുള്ള പഠനത്തിലും ഫോസിലുകൾ പ്രധാനമാണ്. ഫോസിലുകളുടെ സാന്നിധ്യം ശിലകളിലും പാളികളിലും കാണുന്നതനുസരിച്ച് ശിലകളുടെ പ്രായം ഗണിച്ച് പറയാൻ ജിയോളജിസ്റ്റുകൾക്ക് കഴിയുന്നു. 1962 മുതൽ വിവിധ പദ്ധതികളിലായി വാങ്ങിയതും എല്ലാ വർഷത്തെയും ജിയോളജി പഠനത്തിന്റെ ഭാഗമായ ഫീർഡ് വർക്കിലൂടെ വിദ്യാർഥികളും അധ്യാപകരും ശേഖരിച്ചതുമായ സാമ്പിളുകളാണ് മ്യൂസിയത്തിലുള്ളത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച 31 ലക്ഷം രൂപ ചെലവഴിച്ചാണ് കോളേജിൽ നിലവിലുണ്ടായിരുന്ന മ്യൂസിയം നവീകരിച്ചത്. ആധുനികവും ആകർഷകവുമായ നിലയിൽ മ്യൂസിയം സജ്ജമാക്കുന്നതിന് ജിയോളജി വിഭാഗത്തിലെ അധ്യാപകരുടെ തുടർച്ചയായ പരിശ്രമങ്ങളാണ് ഫലം കണ്ടത്. വകുപ്പിലെ പ്രെട്രോളജി ലാബും ഇതോടൊപ്പം നവീകരിച്ചിട്ടുണ്ട്. ധാതുക്കളും ശിലകളും പൊടിക്കാനുള്ള യന്ത്രം, ശിലകളെയും ധാതുക്കളെയും മൈക്രോസ്കോപ്പിൽ നിരീക്ഷിക്കുന്നതിനായി നേരിയ കനത്തിൽ മുറിക്കാനുള്ള ആധുനിക ഉപകരണങ്ങൾ എന്നിവയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ജിയോളജി അലുംനിയുടെ നേതൃത്വത്തിലുള്ള റോക്ക് ഗാർഡനും കോളേജ് കവാടത്തിൽ തയ്യാറായി. പ്രിൻസിപ്പൽ ഡോ. വി.എസ്. അനിൽ കുമാർ, ജിയോളജി വിഭാഗം അധ്യാപകൻ ഡോ. എ.എൽ. അനന്തപദ്മനാഭ, വകുപ്പ് മേധാവി ഡോ. എ.എൻ. മനോഹരൻ, അധ്യാപകരായ പി.ആർ. സുരാജ്, ഡോ. എ. ഗോപിനാഥൻ നായർ, ഡോ. ജി.എസ്. സൗമ്യ, ആസിഫ് ഇഖ്ബാൽ എന്നിവരാണ് മ്യൂസിയം തയ്യാറാക്കുന്നതിന് മുൻകൈയെടുത്തത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വ്യാഴാഴ്ച മ്യൂസിയം ഉദ്ഘാടനം ചെയ്യും.