Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Saturday, December 21, 2024

Latest News

Archive

തവളവിശേഷങ്ങള്‍ ഹിറ്റായി; മണ്‍സൂൺ ക്രോക്ക്‌സിൽ കണ്ടെത്തിയത് 80 ഇനം തവളകളെ (Source: Mathrubhumi 06.09.2024)

എൺപത് തവളയിനങ്ങള്‍, 1100-ലധികം നിരീക്ഷണങ്ങള്‍... ഈ വര്‍ഷത്തെ മണ്‍സൂൺ ക്രോക്ക്‌സ് ബയോബ്ലിറ്റ്‌സ് മൂന്നുമാസം പിന്നിട്ടപ്പോഴേക്കും ഹിറ്റ്. കേരള വന ഗവേഷണ കേന്ദ്രത്തിന് കീഴിലുള്ള സെന്റർ ഫോർ സിറ്റിസണ്‍ സയന്‍സ് ആന്‍ഡ് ബയോഡൈവേഴ്സിറ്റി ഇന്‍ഫോര്‍മാറ്റിക്‌സ് മഴക്കാലത്ത് തവളകളെ രേഖപ്പെടുത്തുന്നതിനായി ആരംഭിച്ച പൗരശാസ്ത്ര പരിപാടിയാണ് മണ്‍സൂൺ ക്രോക്ക്സ് ബയോബ്ലിറ്റ്സ്'.ജൂണ്‍ ഒന്നിന് ആരംഭിച്ച ഈ വര്‍ഷത്തെ പദ്ധതിയിൽ, സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍നിന്നായി ഇതുവരെ 80 തവളയിനങ്ങളെ കണ്ടെത്തി. 1100-ലധികം നിരീക്ഷണങ്ങളാണ് രേഖപ്പെടുത്തിയത്. ഇരുനൂറിലധികം ആളുകൾ  ഈ വര്‍ഷത്തെ സര്‍വേയുമായി സഹകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതലായി രേഖപ്പെടുത്തിയത് നാട്ടുമാക്കാച്ചി, വയനാടന്‍ കരിയിലത്തവള തുടങ്ങിയ ഇനങ്ങളാണ്.ഐ.യു.സി.എന്‍. ചുവന്ന പട്ടികയില്‍പ്പെട്ട, വംശനാശഭീഷണി നേരിടുന്ന തവളകളായ ചൊറിയന്‍ പാറത്തവള, ആനമുടി ഇലത്തവള, പുള്ളിപ്പച്ചിലപ്പാറാന്‍, മഞ്ഞക്കരയന്‍ പച്ചിലപ്പാറാന്‍, പാതാളത്തവള, ഉത്തമന്റെ ഈറ്റത്തവള, കലക്കാട് പച്ചിലപ്പാറാന്‍ തുടങ്ങിയവയും നിരീക്ഷണങ്ങളിൽ ഉള്‍പ്പെട്ടിട്ടുണ്ട്.മഴ തുടരുന്ന സാഹചര്യത്തിൽ ഈ മാസംകൂടി സര്‍വേ തുടരും. വീട്ടുമുറ്റത്തോ പറമ്പിലോ വഴിയിലോ അരുവികളുടെയും കുളങ്ങളുടെയും സമീപത്തോ കാണുന്ന തവളകളുടെയും വാല്‍മാക്രികളുടെയും ഫോട്ടോ, ശബ്ദം എന്നിവ ഐ നാച്ചുറലിസ്റ്റ് ആപ്പ് വഴി അപ്ലോഡ് ചെയ്ത് ആര്‍ക്കും പദ്ധതിയിൽ പങ്കാളികളാകാം.സംരക്ഷിതപ്രദേശങ്ങള്‍ക്ക് പുറത്തുകാണുന്ന വംശനാശഭീഷണി നേരിടുന്ന പര്‍പ്പിൾ തവള, മലബാര്‍ ടോറന്റ തവള, ആനമല ഗ്ലൈഡിങ് തവള തുടങ്ങിയവയുടെ ആവാസവ്യവസ്ഥ തിരിച്ചറിയാന്‍ ലക്ഷ്യമിടുന്ന പദ്ധതിയാണിതെന്ന് വനഗവേഷണകേന്ദ്രം വൈല്‍ഡ് ലൈഫ് ബയോളജി വിഭാഗം മേധാവിയും സെന്റർ ഫോർ സിറ്റിസൺ സയന്‍സ് ആന്‍ഡ്  ബയോഡൈവേഴ്സിറ്റി ഇൻഫോര്‍മാറ്റിക്സിന്റെ കോർഡിനേറ്ററുമായ ഡോ. പേരോത്ത് ബാലകൃഷ്ണന്‍ പറഞ്ഞു.