ഏറ്റവും വേഗമുള്ള ഇരപിടിയന്‍ പക്ഷിയായ ഷഹീന്‍ ഫാല്‍ക്കണെ കാന്തല്ലൂര്‍ ആനക്കോട്ടപ്പാറയില്‍ കണ്ടെത്തി. വന്യജീവിഫോട്ടോഗ്രാഫറായ ചാനല്‍മേട് തെറ്റയില്‍ വീട്ടില്‍ ജോഹിന്‍ ഫ്രാന്‍സിസ് ആണ് ആനക്കോട്ടപ്പാറയില്‍ ഈ പക്ഷിയെ കണ്ടെത്തിയത്. ആദ്യമായിട്ടാണ് ഷഹീന്‍ ഫാല്‍ക്കണെ (ഫാല്‍ക്കോ പെരെ ഗ്രിനസ് പെരെഗ്രിനേറ്റര്‍) അഞ്ചുനാട് മേഖലയില്‍ കണ്ടെത്തുന്നത്.സാധാരണ ഇന്ത്യയില്‍ കാണപ്പെടുന്ന പെരെഗ്രിന്‍ ഫാല്‍ക്കണിന്റെ ഒരു ഉപജാതിയാണ് ഈ പക്ഷി. കറുത്ത ഷഹീന്‍ എന്നും ഇതിനെ വിളിക്കുന്നു.വായുവില്‍ ഇരപിടിക്കാന്‍ അനുയോജ്യമായി, ലെവല്‍ ഫ്ളൈറ്റില്‍ മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഈ പക്ഷിക്ക് കഴിയും. ഡൈവിങ് ചെയ്യുമ്പോള്‍ അത് അത് മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗംവരെയാകും.ആണിനും പെണ്ണിനും സമാനമായ അടയാളങ്ങളും തൂവലുകളുമുണ്ട്. പക്ഷികളുടെ നീളം 380 മുതല്‍ 440 മില്ലിമീറ്റര്‍വരെയാണ്. ഇന്ത്യ, ബംഗ്ലാദേശ്,ശ്രീലങ്ക, തെക്ക് കിഴക്ക് ചൈന, വടക്കന്‍ മ്യാന്‍മാര്‍വരെ ഷഹീന്‍ കാണപ്പെടുന്നു. ചെറിയ പക്ഷികളെയാണ് ഇവ വേട്ടയാടുന്നത്. ഡിസംബര്‍മുതല്‍ ഏപ്രില്‍വരെയാണ് പ്രജനനകാലം. ഉയര്‍ന്ന പാറക്കെട്ടുകളിലെ അറകളിലും തുരങ്കങ്ങളിലുമാണ് ഇവ കൂടുകൂട്ടുന്നത്.