2023-ലെ ദേശീയ ജലപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ജലസംരക്ഷണത്തില്‍ രാജ്യത്തെ മികച്ച പഞ്ചായത്തായി തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ തിരഞ്ഞെടുക്കപ്പെട്ടു. കേരളത്തിനുള്ള ഏക പുരസ്‌കാരമാണിത്.ജനകീയപങ്കാളിത്തത്തോടെയുള്ള ജലസംരക്ഷണപദ്ധതികളാണ് പഞ്ചായത്തിന് സമ്മാനം നേടിക്കൊടുത്തത്.രാജ്യത്തെ മികച്ച ജലസംരക്ഷണ മാതൃകകള്‍ക്ക് കേന്ദ്ര ജലശക്തി മന്ത്രാലയം നല്‍കുന്ന പുരസ്‌കാരമാണിത്. ഒന്‍പത് വിഭാഗങ്ങളിലായി 38 ജേതാക്കളുണ്ട്.ഒക്ടോബര്‍ 22-ന് ഡല്‍ഹിയില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ജലസംരക്ഷണത്തില്‍ മികച്ച സംസ്ഥാനമായി ഒഡിഷ തിരഞ്ഞെടുക്കപ്പെട്ടു. ഉത്തര്‍പ്രദേശ് രണ്ടാംസ്ഥാനം നേടിയപ്പോള്‍ പുതുച്ചേരിയും ഗുജറാത്തും മൂന്നാംസ്ഥാനം പങ്കിട്ടു. ദക്ഷിണമേഖലയില്‍ വിശാഖപട്ടണം (ആന്ധ്രാപ്രദേശ്), വടക്കുകിഴക്കന്‍ മേഖലയില്‍ ധലയ് (ത്രിപുര),ഉത്തരമേഖലയില്‍ ബാന്ദ (യു.പി.), ഗന്ദേര്‍ബാള്‍ (ജമ്മു-കശ്മീര്‍), പശ്ചിമമേഖലയില്‍ ഇന്ദോര്‍ (മധ്യപ്രദേശ്), കിഴക്കന്‍ മേഖലയില്‍ ബലാംഗീര്‍ (ഒഡിഷ) എന്നിവ മികച്ച ജില്ലകളായി തിരഞ്ഞെടുക്കപ്പെട്ടു. ഗുജറാത്തിലെ സൂറത്താണ് മികച്ച നഗരതദ്ദേശസ്ഥാപനം. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരമാവധി ജലസംരക്ഷണം എന്ന ലക്ഷ്യത്തിലാണ് പ്രവര്‍ത്തനമെന്ന് പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ് പറഞ്ഞു.