പലയാളുകൾക്കും പലജീവികളെയാണു പേടി. ചിലർക്ക് പാറ്റകളെ, ചിലർക്ക് ചിലന്തികളെ, ചിലർക്ക് പല്ലികളെ ഇത്തരം പേടികൾക്ക് രസകരമായ പേരുകളുമുണ്ട്. എന്നാൽ കണ്ടാൽ തന്നെ കിടുങ്ങിപ്പോകുന്ന ഒരു ജീവിയുടെ പേര് ഇതാണ്... ഓസ്ട്രേലിയൻ ഹൊറർ മോത്ത്. പേരിലുള്ള ഹൊറർ അന്വർഥമാക്കുന്ന രൂപമാണ് ഈ ശലഭത്തിന്.
ക്രീറ്റോനോട്ടസ് ഗാംഗിസ് എന്നു പേരുള്ള ഇവയിലെ ആൺ ശലഭങ്ങൾക്കാണ് വിചിത്രമായ രൂപമുള്ളത്. നാലു സെന്റിമീറ്ററോളം വീതിയുള്ള ചിറകുവിരിവാണ് ഇവയുടെ പ്രധാന പ്രത്യേകതകളിലൊന്ന്. ഇവയുടെ വയർഭാഗത്തുനിന്നും 4 നീളമുള്ള അവയവങ്ങൾ നീണ്ടുകിടക്കുന്നുണ്ട് കോറിമാറ്റ എന്നാണ് ഇതറിയപ്പെടുന്നത്. സാധാരണ ഗതിയിൽ ഒരു ശലഭത്തെ സംബന്ധിച്ച് ഇത്തരം ശാരീരിക ഘടനയുമായി പറക്കുന്നതു ബുദ്ധിമുട്ടാണ്. എന്നാൽ ഹൊറർ മോത്തിന്റെ ഈ ഘടനകൾ അവ പറക്കുന്ന സമയത്ത് വയറോടൊട്ടി കിടക്കും.
ഇണയെ ആകർഷിക്കാനുള്ള ഫിറമോൺ പുറപ്പെടുവിക്കാനായാണ് ഈ ഘടനകൾ ഉപയോഗിക്കപ്പെടുന്നത്. അതോടൊപ്പം തന്നെ മറ്റ് ആൺശലഭങ്ങളെ അകറ്റി നിർത്താനും ഇവയ്ക്കു സാധിക്കും. ഹൈഡ്രോക്സിഡാനൈഡാൽ എന്ന ഫിറമോണാണ് ഇവ പുറപ്പെടുവിക്കുന്നത്. ഈ ശലഭം പുഴുവായിരുന്ന കാലഘട്ടത്തു കഴിച്ച ഭക്ഷണമാണ് ഫിറമോണുകളുടെ ഗന്ധത്തെ സ്വാധീനിക്കും. തെക്കുകിഴക്കൻ ഏഷ്യൻ മേഖലകളിലും ഇവയെ കാണാറുണ്ട്. ഹൊറർ മോത്തുകളുടെ പുഴുക്കൾ മാതള നാരകച്ചെടികളെ നന്നായി നശിപ്പിക്കാറുണ്ട്.