JavaScript must be enabled in order for you to use the Site in standard view. However, it seems JavaScript is either disabled or not supported by your browser. To use standard view, enable JavaScript by changing your browser options.

| Last Updated:16/12/2024

Latest News

Archive

ഛിന്നഗ്രഹത്തിലെ മണ്ണിൽ വളർന്ന് ഭൂമിയിലെ സൂക്ഷ്മജീവികൾ; അദ്ഭുത കണ്ടെത്തൽ (Source: Malayala Manorama 05.12.2024)

 

(Photo:X/@Unlikely_Buddha)

ബഹിരാകാശത്ത് 30 കോടി കിലോമീറ്റർ അകലെയുള്ള റ്യുഗു ഛിന്നഗ്രഹത്തിൽ നിന്നു ജാപ്പനീസ് ദൗത്യമായ ‘ഹയബുസ 2’ കൊണ്ടുവന്ന കല്ലും മണ്ണുമടങ്ങിയ സാംപിളുകളിൽ ഭൂമിയിലെ സൂക്ഷ്മജീവികൾ അധിവാസമുറപ്പിച്ചിരിക്കുന്നു എന്നാണു പുതിയ വിവരം. ഒരു വർഷം നീണ്ട യാത്ര നടത്തി ജപ്പാൻ ബഹിരാകാശപേടകം കൊണ്ടുവന്ന ചെറിയ കാപ്സ്യൂൾ 2018ൽ ആണ് ഓസ്ട്രേലിയയിലെ വൂമേറയ്ക്കു സമീപം ഇറങ്ങിയത്.ഭൗമേതരമായ മണ്ണിൽ പോലും അധിവാസം ഉറപ്പിക്കാനുള്ള ഭൂമിയിലെ സൂക്ഷ്മാണുക്കളുടെ ശേഷി എടുത്തുകാട്ടുന്നതാണു പുതിയ കണ്ടെത്തൽ. പല ചോദ്യങ്ങളും ഇതുയർത്തുന്നുണ്ട്. ഭാവിയിൽ മനുഷ്യരുടെ ബഹിരാകാശ ദൗത്യങ്ങൾ ഭൂമിക്കുപുറത്തുള്ള ഇടങ്ങളെ മലിനമാക്കുമോയെന്നത് ഒരു ചോദ്യം. ഭൂമിക്കു പുറത്തെ ജീവൻ സംബന്ധിച്ച ചർച്ചകൾ വേറൊരു ചോദ്യം.ബാക്ടീരിയകളാണ് ഈ സാംപിളുകളിൽ പറ്റിപ്പിടിച്ചുവളർന്നത്. എന്നാൽ ഇവ ഏതുതരമാണെന്ന് നിർണയിക്കാൻ ശാസ്ത്രജ്ഞർക്കു കഴിയാതെ പോയി. നിലവിൽ ഈ സൂക്ഷ്മജീവികൾ സാംപിളുകളിൽ നിന്ന് അപ്രത്യക്ഷരായെന്ന് ഗവേഷകർ പറയുന്നു. ഒരു കിലോമീറ്ററോളം ചുറ്റളവുള്ള ഛിന്നഗ്രഹമാണു റ്യുഗു.ജൈവാംശങ്ങളും ജലാംശവും ഏറെ ഉള്ള ഈ ഛിന്നഗ്രഹത്തിന്റെ ഉപരിതലം നിയന്ത്രിത സ്ഫോടനം വഴി തുരന്ന് സാംപിളുകൾ ശേഖരിച്ചാണു ഹയബുസ എത്തിയത്. 1999 മേയ് 10നാണു റ്യുഗു കണ്ടെത്തിയത്.2016ൽ ഓസിരിസ് റെക്സ് എന്ന നാസയുടെ ബഹിരാകാശ പേടകം ബെന്നു എന്ന ഛിന്നഗ്രഹത്തിലേക്കു സാംപിളുകൾ ശേഖരിച്ചു ഭൂമിയിലേക്കു തിരികെയെത്തിക്കാൻ യാത്ര നടത്തിയിരുന്നു. ഇതു വിജയമാകുകയും തിരികെ കൊണ്ടുവരികയും ചെയ്തിരുന്നു. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വലിയൊരു ഛിന്നഗ്രഹത്തിൽ നിന്നു മുറിഞ്ഞു വേർപെട്ട ഭാഗമാണ് ബെന്നുവായി മാറിയതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള മെയ്ൻ ആസ്റ്ററോയ്ഡ് ബെൽറ്റിലാണ് ഛിന്നഗ്രഹത്തിന്റെ ഉദ്ഭവം. ഭാവിയിൽ ശുക്രനിൽ പതിച്ച് ഈ ഛിന്നഗ്രഹം നശിക്കുമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. റ്യുഗുവും ബെന്നുവും കൂടാതെ ഇത്തോക്കാവ എന്ന ഛിന്നഗ്രഹം, വൈൽഡ് 2 എന്ന വാൽനക്ഷത്രം, ചന്ദ്രൻ എന്നീ ബഹിരാകാശ വസ്തുക്കളിൽ നിന്നും സാംപിളുകൾ ഭൂമിയിലെത്തിച്ചിട്ടുണ്ട്.