ഷോളയാറിലെ നിത്യഹരിത വനത്തിൽനിന്ന് പുതിയ ഇനം ഫംഗസിനെ കണ്ടെത്തി ഗവേഷകർ. ബിരുദാനന്തര പഠനത്തിന് ശേഷം കേരള വനഗവേഷണസ്ഥാപനത്തിൽ (കെ.എഫ്.ആർ.ഐ.) ഗവേഷണ ജീവിതമാരംഭിച്ച സംഘമാണ് കണ്ടെത്തലിന് പിന്നിൽ. ഫംഗസിന് കെ.എഫ്.ആർ.ഐയുടെ പേര് നൽകി.സ്ട്രിയാറ്റികൊനിഡിയം കെഫ്ആറെൻസിസ് എന്നാണ് പേരിട്ടത്. പുതിയ കണ്ടെത്തൽ ന്യൂസീലൻഡിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഫൈറ്റോടാക്സ എന്ന അന്താരാഷ്ട്ര ജേണലിന്റെ പുതിയ ലക്കത്തിൽ ഗവേഷണ പ്രബന്ധമായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.ഡോ. കെ.സി. രാജേഷ് കുമാർ, ഗവേഷണ വിദ്യാർഥികളായ ശ്രുതി, അൻസിൽ, ഡോ. ശ്രീജിത്ത് കൽപ്പുഴ അഷ്ടമൂർത്തി, ഡോ. കെ.വി. ശങ്കരൻ, ഡോ. എ.ജെ. റോബി എന്നിവരാണ് ഈ കണ്ടെത്തലിലെ പങ്കാളികൾ.രാജ്യത്തെ ഏക ഫംഗസ് ജീൻ ബാങ്കായ പുണെയിലെ നാഷണൽ ഫംഗൽ കൾച്ചറൽ കളക്ഷൻ ഓഫ് ഇന്ത്യയിൽ പുതിയ ഫംഗസ് കൾച്ചർ വഴി സംരക്ഷിച്ച് കൂടുതൽ ആഴത്തിലുള്ള ഗവേഷണം നടക്കും. ഈ സ്ഥാപനത്തിൽ ഇതിനകം ഫംഗസുകളുടെ 500-ൽപ്പരം കൾച്ചറുകളുണ്ട്.