നീലഗിരി കാടുകളിൽനിന്ന് കാർണേഷൻ (കാരിയോഫില്ലേസീ) സസ്യകുടുംബത്തിലെ സജിന ജനുസ്സിൽ പെടുന്ന പുതിയസസ്യം കണ്ടെത്തി.പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ ബോട്ടണി ഗവേഷകവിദ്യാർഥിനി എസ്. ആതിരയാണ് സസ്യം കണ്ടെത്തിയത്. പശ്ചിമഘട്ട മലനിരകളിൽ ഉൾപ്പെട്ട നീലിഗിരി കുന്നുകളിലെ ഏറ്റവും ഉയർന്ന പർവതമായ ദൊഡ്ഡബെട്ട മലയിൽനിന്നാണ് ഈ സസ്യം കണ്ടെത്തിയത്.സസ്യത്തിന് 'സജിന നീലഗിരിക്ക' എന്ന് പേര് നൽകി. ആതിരയുടെ ഡോക്ടറൽ ഗവേഷണത്തിന്റെ ഭാഗമായാണ് സസ്യത്തെ കണ്ടെത്തിയതും തിരിച്ചറിഞ്ഞതും.രാജ്യാന്തര ജേണലായ ഫൈറ്റോ ടാക്സയുടെ പുതിയലക്കത്തിൽ ഈ സസ്യത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. തോലനൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിലെ പ്രിൻസിപ്പൽ ഡോ. മായ സി. നായരുടെ നേതൃത്വത്തിലാണ് ഗവേഷണം. ഗവേഷക വിദ്യാർഥിനികളായ ജി. കനകാംബിക,എം. സ്മിത, എസ്. രമ്യ, എ.എ. മുഹ്സിന എന്നിവരും സംഘത്തിലുണ്ട്.