സൂവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഗവേഷകർ ആൻഡമാൻ–നിക്കോബാർ ദ്വീപുകളിൽ 23 തരം പ്രാണികളെ കണ്ടെത്തി.മൃഗങ്ങളുടെ രക്തം കുടിക്കുന്ന പ്രാണികളാണ് ഇവ. പാരസൈറ്റ്സ് ആൻഡ് വെക്റ്റേഴ്സ് എന്ന ശാസ്ത്രജേണലിൽ ഇതുസംബന്ധിച്ച ഗവേഷണം പ്രസിദ്ധീകരിച്ചു. ഭൂസി ഈച്ചകൾ എന്നു തദ്ദേശീയമായി അറിയപ്പെടുന്ന ഇവ കുലിക്കോയ്ഡ്സ് എന്ന ജനുസ്സിൽപ്പെട്ടവയാണ്. ആടുകൾ, കന്നുകാലികൾ, മാൻ തുടങ്ങിയവയുടെ ചോരയാണ് ഇവ കുടിക്കാറുള്ളത്.ഇവയിൽ 5 വിഭാഗത്തിൽ ബ്ലൂ ടങ് ഡിസീസ് എന്ന രോഗം മൃഗങ്ങളിൽ പരത്താനുള്ള കഴിവുണ്ടെന്നു ഗവേഷകർ പറയുന്നു. ഈ പ്രാണികളെ സൂക്ഷിക്കണമെന്ന് പഠനത്തിനു നേതൃത്വം വഹിച്ച സൂവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഗവേഷക ദൃതി ബാനർജി പറയുന്നു. 2022–2023 കാലയളവിലാണ് പഠനം നടന്നത്. കണ്ടെത്തിയ 23 സ്പീഷീസുകളിൽ 17 എണ്ണം മനുഷ്യരുടെ ചോര കുടിക്കാറുണ്ടെന്നും ഗവേഷകർ പറയുന്നു. എന്നാൽ മനുഷ്യരിൽ ഇവ രോഗം പരത്താറില്ല. ആൻഡമാൻ നിക്കോബാർ മേഖലയിലെ ഇവയുടെ വ്യാപനത്തിന്റെ യഥാർഥ ചിത്രം തിരിച്ചറിയാനായി സമഗ്രമായ പഠനം നടത്തേണ്ടതുണ്ട്.മൃഗങ്ങളിൽ നാക്കിന്റെ നിറം നീലയാകുന്നതും പനി, മുഖത്തെ നീര്, അമിതമായ ഉമിനീർ പുറന്തള്ളൽ തുടങ്ങിയ രോഗങ്ങൾക്കു വഴിവയ്ക്കുന്നതുമാണു ബ്ലൂ ടങ് ഡിസീസ്.