Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Wednesday, February 5, 2025

Latest News

Archive

ഇടുക്കിയിൽ ഏലത്തിന്റെ പുതിയ രണ്ടിനങ്ങൾ കണ്ടെത്തി മലയാളി ഉൾപ്പെട്ട ഗവേഷകസംഘം (Source: Mathrubhumi 31.01.2025)

Elettaria-facifera-Elettaria-tulipifera

ഏലത്തിന്റെ വർഗ്ഗീകരണ പഠനത്തിനിടെ, പുതിയ രണ്ട് ഏലയിനങ്ങളെ തെക്കൻ പശ്ചിമഘട്ടത്തിൽ നിന്ന് ഒരു അന്താരാഷ്ട്ര സസ്യശാസ്ത്രസംഘം കണ്ടെത്തി.കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ ഡോ.മാമിയിൽ സാബു ഉൾപ്പെട്ട ഏഴംഗ സംഘമാണ് പഠനം നടത്തിയത്.എലിറ്റേറിയ ഫേസിഫെറ (Elettaria facifera), എലിറ്റേറിയ ടൂലിപ്പിഫെറ (Elettaria tulipifera) എന്നിവയാണ് പുതിയതായി കണ്ടെത്തിയ സ്പീഷീസുകൾ. തെക്കൻ കേരളത്തിലും ശ്രീലങ്കയിലും വളരുന്ന ഗ്രീൻ ഏലത്തിന്റെ (എലിറ്റേറിയ കാർഡമം) വിഭാഗത്തിൽ പെട്ട രണ്ട് വന്യയിനങ്ങളെയാണ് പുതിയതായി തിരിച്ചറിഞ്ഞതെന്ന് 'ടാക്‌സോൺ' ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബോട്ടണി വകുപ്പിന്റെ മുൻമേധാവിയും പ്രൊഫസറുമായ ഡോ.സാബുവും, സിങ്കപ്പൂർ നാഷണൽ യൂണിവേഴ്‌സിറ്റിയിലെ ഡോ. ജന ലിയോങ്-സ്‌കോർനിക്കോവയുമാണ് വർഗ്ഗീകരണ പഠനത്തിനിടെ, രണ്ട് പുതിയ ഏലയിനങ്ങളെ തിരിച്ചറിഞ്ഞ് വിശദീകരിച്ചത്.പ്രസിദ്ധമായ ട്യൂലിപ് പൂക്കളുടെ ആകൃതിയിൽ പൂവുള്ളതാണ് പുതിയ ഇനങ്ങളിൽ ഒന്ന്. അതിനാൽ അതിന് എലിറ്റേറിയ ടൂലിപ്പിഫെറ എന്ന് ഗവേഷകർ പേരിട്ടു. 'മൂന്നാറിൽ നിന്നാണ് ഈ പുതിയയിനത്തെ കണ്ടെത്തിയത്. എന്നാൽ, എലിറ്റേറിയ ഫേസിഫെറ തേക്കടി പ്രദേശത്താണ് വളരുന്നതായി കണ്ടത്', ഡോ.സാബു 'മാതൃഭൂമി ഓൺലൈനോ'ട് പറഞ്ഞു.തേക്കടിയിൽ പെരിയാർ കടുവാസങ്കേതത്തിൽ രണ്ടിടത്ത് ഫേസിഫെറ വളരുന്നതായി കണ്ടെത്തി. ശാസ്ത്രലോകം ഇപ്പോഴാണ് തിരിച്ചറിയുന്നതെങ്കിലും,പ്രദേശത്തെ ഗോത്രവിഭാഗമായ മന്നാൻമാർക്ക് ഈ ഏലയിനത്തെപ്പറ്റി മുമ്പേ അറിവുണ്ട്. അവയുടെ വാപിളർന്ന മാതിരിയുള്ള കായകളെ ഉദ്ദേശിച്ച് 'വായീനോക്കി ഏലം' എന്നാണ് അവയെ മന്നാൻമാർ വിളിക്കുന്നത്!.ഗ്രീൻ കാർഡമം എന്ന് വിളിക്കുന്ന ഏലം 'സുഗന്ധവ്യജ്ഞനങ്ങളിലെ റാണി'യെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ലോകത്ത് ഏറ്റവുമധികം ഗ്രീൻ ഏലം വിളയുന്നത്, തെക്കൻ കേരളത്തിലെ ഏലമല മേഖലയിലാണ്. പുതിയ ഏലയിനങ്ങളെ തിരിച്ചറിഞ്ഞതും ഈ മേഖലയിൽ നിന്നാണ്.ഇന്ത്യ, ശ്രീലങ്ക, ഡെൻമാർക്ക്, ചെക് റിപ്പബ്ലിക്, സിങ്കപ്പൂർ, യു.കെ., കൊളംബിയ എന്നിവടങ്ങളിൽ നിന്നുള്ള ഗവേഷകരാണ്, ഏലത്തിന്റെ വർഗ്ഗീകരണ പ്രശ്‌നം പരിഹരിക്കാൻ കൈകോർത്തത്.എലിറ്റേറിയ ജീനസിൽ, കേരളത്തിലെ ഗ്രീൻ ഏലം ഒറ്റപ്പെട്ട ഇനമായാണ് ഇതുവരെ ഗവേഷകർ കരുതിയത്. വർഗ്ഗീകരണത്തിൽ വന്ന പിഴവാണതെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഇത്രകാലവും 'അൽപിനിയ' (Alpinia) ജീനസിൽ പെടുത്തിയിരുന്ന നാല്‌ സ്പീഷീസുകൾ, ശരിക്കും ഏലത്തിന്റെ എലിറ്റേറിയ ജീനസിൽ പെടുന്നതാണെന്ന് പഠനത്തിൽ കണ്ടെത്തി. അതുകൂടാതെയാണ്, പുതിയ രണ്ടിനങ്ങളെ തിരിച്ചറിയുകയും ചെയ്തത്. ഏലത്തിന്റെ ഈ വൈവിധ്യം പരിസ്ഥിതിനാശം മൂലം കടുത്ത വെല്ലുവിളി നേരിടുകയാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.