.jpg?$p=d06996c&f=16x10&w=852&q=0.8)
എക്വഡോറില്‍ പുതുതായി കണ്ടെത്തിയ തവള സ്പീഷിസിന് ഹോളിവുഡ് താരം ലിയനാര്‍ഡോ ഡികാപ്രിയോയുടെ പേര് നല്‍കി ഗവേഷകര്‍.താരത്തിന്റെ പരിസ്ഥിതി സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് തവളയ്ക്ക് ഫൈലോനാസ്റ്റസ് ഡികാപ്രിയോയോയി (Phyllonastes Dicaprioi) എന്ന് പേര് നല്‍കിയിരിക്കുന്നത്.എക്വഡോറിലെ എല്‍ ഓറോ പ്രവിശ്യയിലെ പടിഞ്ഞാറന്‍ മലനിരകളിലെ കാടുകളിലാണ് പുതിയ തവള സ്പീഷിസിനെ കാണാന്‍ കഴിയുക. വലിപ്പത്തില്‍ ചെറുതായ തവള സ്പീഷിസിന്റെ ശരീരത്തിന് തവിട്ട് നിറമാണുള്ളത്. കടും നിറത്തിലുള്ള പുള്ളികളും ഇവയുടെ ദേഹത്ത് കാണപ്പെടുമെന്ന് ഗവേഷകര്‍ പറയുന്നു. സമുദ്രനിരപ്പില്‍നിന്ന് 1,330 മുതല്‍ 1,705 മീറ്റര്‍ വരെ ഉയരത്തിലാണ് ഇവയുടെ വാസം.നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോഡൈവേഴ്‌സിറ്റി, കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് എക്വഡോര്‍, സാന്‍ ഫ്രാന്‍സിസ്‌കോ യൂണിവേഴ്‌സിറ്റി ഓഫ് ക്വീറ്റോ എന്നീവിടങ്ങളിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഇത് ആദ്യമായല്ല പുതുതായി കണ്ടെത്തുന്ന ഒരു സ്പീഷിസിന് ഡികാപ്രിയോയുടെ പേര് നല്‍കുന്നത്.2024 ഒക്ടോബറില്‍ ഹിമാലയത്തില്‍ കണ്ടെത്തിയ ഒരു പാമ്പ് സ്പീഷിസിനും ഡികാപ്രിയോയുടെ പേര് നല്‍കിയിരുന്നു. ആങ്കുകുയിലുസ് ഡികാപ്രിയോയി എന്ന പാമ്പ് സ്പീഷിസിനെ മധ്യ നേപ്പാള്‍ മുതല്‍ ഹിമാചല്‍ പ്രദേശിലെ ചമ്പാ ജില്ല വരെ കാണാന്‍ കഴിയും. മറ്റൊരു പാമ്പ് സ്പീഷിസുമായി സാമ്യമുളള ഈ പാമ്പ് സ്പീഷിസിനെ മൂന്ന് വര്‍ഷത്തെ പഠനത്തിനൊടുവിലാണ് പുതിയ സ്പീഷിസായി പ്രഖ്യാപിക്കുന്നത്.പരിസ്ഥിതി സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഹോളിവുഡ് താരമാണ് ലിയനാര്‍ഡോ ഡികാപ്രിയോ. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി ലിയനാര്‍ഡോ ഡികാപ്രിയോ ഫൗണ്ടേഷന്‍ എന്ന സ്ഥാപനത്തിനും താരം 1998-ല്‍ രൂപം നല്‍കിയിരുന്നു.