
പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യങ്ങള്‍ക്ക് ഭീഷണിയാകുന്ന കുമിളുകളെക്കുറിച്ച് കൂടുതല്‍ പഠനം നടത്തണമെന്ന് കേരള വനഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍. പുതിയൊരിനം കുമിളിനെക്കൂടി തിരിച്ചറിഞ്ഞതോടെയാണിത്. കേരളത്തിലെ വനങ്ങളില്‍ മാത്രം കാണുന്ന ഏറെ ഔഷധഗുണമുള്ള കാട്ടുകാപ്പി ഇനത്തിന് വ്യാപകമായ നാശമുണ്ടാക്കുന്ന കുമിളിനെയാണ് പീച്ചി വനഗവേഷണകേന്ദ്രത്തിലെ ഗവേഷകര്‍ കണ്ടെത്തിയത്.വിളര്‍ച്ച, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ചര്‍മരോഗങ്ങള്‍, വീക്കം എന്നിവ ചികിത്സിക്കാന്‍ ആയുര്‍വേദത്തില്‍ ഇതിന്റെ വേരുകള്‍ ഉപയോഗിക്കുന്നു.കുമാര്യാസവം, ച്യവനപ്രാശം തുടങ്ങിയ ആയുര്‍വേദ ഔഷധങ്ങളിലെ പ്രധാനഘടകമാണിത്. അലങ്കാരസസ്യങ്ങള്‍ക്ക് ഭീഷണിയാകുന്ന മറ്റൊരിനം കുമിളിനെയും വനഗവേഷണകേന്ദ്രത്തിലെ ഗവേഷകര്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. കെ.എഫ്.ആര്‍.ഐ.യിലെ പാത്തോളജി വിഭാഗം തലവന്‍ ഡോ. ശംഭുകുമാര്‍, ഗവേഷണ വിദ്യാര്‍ഥി കെ.ടി. മുഫീദ, വിദ്യാര്‍ഥി ഭദ്ര മില്‍ട്ടണ്‍, ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ബോട്ടണി വിഭാഗം സീനിയര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രാഘവേന്ദ്ര സിങ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് പാരാമൈറോതെസിയം ട്രാവന്‍കോബോട്ടേസ് എന്ന പുതിയ ഇനം കുമിളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.ഇലപ്പുള്ളി, ഇലപൊട്ടല്‍, തണ്ടുചീയല്‍ തുടങ്ങിയവയാണ് ഈ കുമിള്‍ബാധ കൊണ്ടുണ്ടാകുന്നത്. ലോകത്തെ ഏറ്റവും വലിയ പ്രകൃതിസംരക്ഷണ സംഘടനയായ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്‌സ് വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ചുവന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ കാട്ടുകാപ്പിയിനം. കാപ്പികൃഷിക്കായി ഉപയോഗിക്കുന്ന ഇനങ്ങളേക്കാള്‍ ഔഷധശേഷികൊണ്ട് സവിശേഷമാണ് ഈ ഇനം. അതുകൊണ്ടുതന്നെ ഈ ഇനത്തെ അതിന്റെ പ്രാദേശിക ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കേണ്ടതുണ്ട്.