പൊക്കാളിപ്പാടങ്ങളില് കവര് പൂത്തുതുടങ്ങി, തലവര മാറ്റിയത് 'കുമ്പളങ്ങി നൈറ്റ്സ്
തീരഗ്രാമങ്ങളിലെ പൊക്കാളിപ്പാടങ്ങളില് കവര് പൂത്തുതുടങ്ങി. നിലാവെളിച്ചമില്ലാത്ത രാവുകളില്, ജലാശയങ്ങളില് കാണുന്ന നീലവെളിച്ചമാണ് കവര്. വേനല് കനക്കുമ്പോള്, പാടശേഖരങ്ങളിലെ വെള്ളത്തില് ഉപ്പ് കൂടും. ഈ സമയത്താണ് വെള്ളത്തില് നീലവെളിച്ചം കാണുന്നത്. തിളങ്ങുന്ന നീലനിറമായിരിക്കും വെള്ളത്തിന്. ചെറുതായൊന്ന് ചലിപ്പിച്ചാല് വെള്ളം, നീലനിറത്തില് വെട്ടിത്തിളങ്ങും. ആരെയും മോഹിപ്പിക്കുന്ന കാഴ്ചയാണത്. കുമ്പളങ്ങി, ചെല്ലാനം പ്രദേശങ്ങളിലാണ് കവര് കാണുന്നത്. ഈ രണ്ട് ഗ്രാമങ്ങളിലും വിശാലമായ പൊക്കാളി പാടങ്ങളുണ്ട്. വേനലാകുമ്പോള് ഇവിടമെല്ലാം ഉപ്പ് നിറഞ്ഞു കിടക്കും. കുംഭ, മീനമാസ രാത്രികളിലെ കൂരിരുട്ടില്, ജലാശയങ്ങളിലെ വെള്ളം വെട്ടിത്തിളങ്ങുന്ന കാഴ്ച കാണുന്നതിന് ഈ മേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കുണ്ടാകും. കഴിഞ്ഞ വര്ഷം കുമ്പളങ്ങിയില് മാത്രം ലക്ഷങ്ങളാണ് കൗതുകക്കാഴ്ച കാണാനെത്തിയത്. കുമ്പളങ്ങി ടൂറിസം ഗ്രാമത്തിലെ ഒരു ടൂറിസം പ്രോഡക്ടായി കവര് മാറിയിരിക്കുകയാണ്. നീലവെളിച്ചത്തിനു പിന്നിൽ സൂക്ഷ്മജീവികൾ ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികള് പുറപ്പെടുവിക്കുന്ന പ്രകാശത്തെയാണ് കവര് എന്ന് വിളിക്കുന്നതെന്ന് ശാസ്ത്രം പറയുന്നു. ബയോലൂമിനസെന്സ് എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്. ശത്രുക്കളില്നിന്ന് രക്ഷപ്പെടുന്നതിനാണ് ഈ ജീവികള് പ്രകാശം പുറപ്പെടുവിക്കുന്നതത്രെ. ഇണയെ ആകര്ഷിക്കാനും ഇരയെ പിടികൂടാനുമൊക്കെ ഈ ജീവികള് പ്രകാശത്തെ ഉപയോഗിക്കുന്നു. അവയുടെ പ്രതിരോധ മാര്ഗം കൂടിയാണിത്. തണുത്ത വെളിച്ചം എന്നും കവര് അറിയപ്പെടുന്നുണ്ട്.