
നീലഗിരിയിലെ മുതുമല കടുവസംരക്ഷണകേന്ദ്ര പരിധിയിലുള്‍പ്പെടെ പക്ഷികളുടെ കണക്കെടുപ്പുനടത്തി. വിവിധയിനങ്ങളില്‍പ്പെട്ട 264 പക്ഷിവര്‍ഗങ്ങളെ നീലഗിരിയുടെ വിവിധഭാഗങ്ങളില്‍ പക്ഷിഗവേഷകര്‍ കണ്ടെത്തി. വംശനാശഭീഷണി നേരിടുന്ന, കേരളത്തിന്റെ സംസ്ഥാനപക്ഷി മലമുഴക്കിവേഴാമ്പലിന്റെയും കൊമ്പന്‍മൂങ്ങയുടെയും അപൂര്‍വസാന്നിധ്യം നീലഗിരിയിലെ ചേരമ്പാടി, ചേരങ്കോട് മേഖലയില്‍ കണ്ടെത്തി.അപൂര്‍വ ജൈവസാന്നിധ്യത്തിന്റെ കണ്ടെത്തല്‍ ആശാവഹമായ ചുവടുവെപ്പാണെന്ന് നീലഗിരി ഫോറസ്റ്റ് ഓഫീസര്‍ എസ്. ഗൗതം പറഞ്ഞു.ലോങ്വുഡ് ഷോല, സിംസ് പാര്‍ക്ക്, ദൊഡാബെട്ട വ്യൂപോയിന്റ്, ഗെഡായി, തിയാഷോല, കിന്നകൊറൈ, ഊട്ടി ഗവ. ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, അലക്കറൈ എന്നിവിടങ്ങളിലും പക്ഷികളുടെ സര്‍വേനടത്തി. വെള്ളയും കറുപ്പും നിറത്തിലുള്ള പുള്ളിമീന്‍കൊത്തി പക്ഷികളെ മാവനല്ലയിലും യുറേഷ്യന്‍ കൂട്ട് അഥവാ വെള്ളക്കൊക്കന്‍ കുളക്കോഴിയെയും അസിപിട്രിഡേ പക്ഷികുടുംബത്തില്‍പ്പെടുന്ന പ്രാപ്പിടിയനെ മസിനഗുഡിയിലും കാണാനായി.കൊളംബിഡേ കുടുംബത്തിലെ പ്രാവിനത്തില്‍പ്പെട്ട പശ്ചിമഘട്ടത്തില്‍മാത്രം കാണുന്ന മലബാര്‍ സാമ്രാജ്യപ്രാവിനെ മാനാര്‍ എസ്റ്റേറ്റ് പരിസരത്തുനിന്ന് കണ്ടെത്തി. യൂറോ-ഏഷ്യന്‍ മിതശീതോഷ്ണമേഖലയില്‍മാത്രം കണ്ടുവരുന്ന മരവരമ്പന്‍ പക്ഷികളെ അവളാഞ്ചിക്കടുത്ത ഡസ്റ്റിനി ഫാം റിസോര്‍ട്ട് ഏരിയയില്‍നിന്ന് കണ്ടെത്തി.ആറ്റുമണല്‍ക്കോഴി, നീളന്‍ കറുപ്പുവാലോടുകൂടിയ നീലനിറത്തിലുള്ള കിന്നരിക്കാക്കകള്‍, ചൂളക്കാക്കകള്‍, പച്ചനിറത്തിലുള്ള ചെങ്കണ്ണന്‍ കുട്ടുറുവന്‍,പാഞ്ചാലിക്കാട, പാമ്പുപരുന്തുകള്‍, കൊക്കിനത്തില്‍പ്പെട്ട പെരുമുണ്ടികള്‍, ചാരത്തലച്ചിക്കാളിപ്പക്ഷി എന്നിവയുടെ സാന്നിധ്യവും പലയിടങ്ങളിലായി സര്‍വേക്കിടെ കണ്ടെത്തിയിട്ടുണ്ട്.രണ്ടുദിവസമായി നടത്തിയ സര്‍വേയില്‍ വനം ജീവനക്കാരും വൊളന്റിയര്‍മാരും ഉള്‍പ്പെടെ 316 പേര്‍ പങ്കെടുത്തു.മുതുമല കടുവസങ്കേതത്തിലും മുകുറുത്തി ദേശീയോദ്യാനത്തിലും 25 സ്ഥലങ്ങളിലായി 100 വൊളന്റിയര്‍മാരും വനം ഉദ്യോഗസ്ഥരും പക്ഷിസര്‍വേയില്‍ പങ്കെടുത്തു. ഗൂഡല്ലൂര്‍ വനംഡിവിഷനില്‍ 23 സ്ഥലങ്ങളില്‍ 138 വൊളന്റിയര്‍മാരും വനം ജീവനക്കാരും മുതുമല മസിനഗുഡി ഡിവിഷനില്‍ 13 സ്ഥലങ്ങളില്‍ 78 പേരും സര്‍വേനടത്തി.മുതുമലയിലും ഗൂഡല്ലൂരിലും 61 സ്ഥലങ്ങളിലായിരുന്നു പക്ഷിനിരീക്ഷണം. രേഖപ്പെടുത്തിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ പക്ഷിയിനങ്ങളുടെ എണ്ണം ലഭ്യമാക്കും.
ഗൂഡല്ലൂരില്‍ജലപക്ഷികളുടെ സര്‍വേയിലും എണ്ണംകൂടി
സര്‍വേയുടെ ഭാഗമായി ഗൂഡല്ലൂര്‍ വനംഡിവിഷനില്‍ നടത്തിയ ജലപക്ഷികളുടെ സര്‍വേയിലും പതിന്നാലിനം പക്ഷികളുടെ എണ്ണത്തില്‍ വര്‍ധന.135 എണ്ണം പക്ഷികളെ ഈവിഭാഗങ്ങളില്‍ അധികമായി ഇത്തവണ കണ്ടെത്തി.മുതുമല കടുവസംരക്ഷണകേന്ദ്രത്തിനു സമീപത്തെ 20 ജലാശയങ്ങളില്‍ നടത്തിയ സെന്‍സസിലാണ് ഈ വര്‍ധന കണ്ടെത്തിയത്. നീലഗിരിയിലെ മറ്റുഭാഗങ്ങളില്‍ കണ്ടെത്തിയ പക്ഷിവര്‍ഗങ്ങളില്‍ 148 ഇനം പക്ഷികള്‍ ഗൂഡല്ലൂര്‍ വനാതിര്‍ത്തിയിലുണ്ട്.23 സ്ഥലങ്ങളിലാണ് കരപ്പക്ഷി സെന്‍സസ് നടത്തിയത്. രണ്ടിനത്തിലുള്ള മരംകൊത്തിവിഭാഗം പക്ഷികള്‍, മയില്‍, പ്രാപ്പിടിയന്‍, കരിങ്കൊക്ക്, മഞ്ഞത്തേന്‍കിളി, നീര്‍ക്കോഴി, ചാരപ്പൂണ്ടന്‍ പക്ഷി, മീന്‍കൊത്തിച്ചാത്തന്‍പക്ഷി, പെരുമുണ്ടിക്കൊക്ക് എന്നിവയുടെ കൂടുതലെണ്ണം ഗൂഡല്ലൂര്‍ വനമേഖലയിലുണ്ടെന്ന് സ്ഥിരീകരിച്ചതായി ഗൂഡല്ലൂര്‍ ഡിഎഫ്ഒ ജെ. വെങ്കിടേഷ് പ്രഭു പറഞ്ഞു.