
കരിമ്പുഴ വന്യജീവി സങ്കേതത്തിൽ നടത്തിയ ജന്തുജാല കണക്കെടുപ്പിൽ 63 ഇനം ജീവികളെ അധികമായി കണ്ടെത്തി. 41 ഇനം തുമ്പികൾ, 6 ഇനം ചിത്രശലഭങ്ങൾ, 16 തരം പക്ഷികൾ എന്നിവയുടെ സാന്നിധ്യമാണ് പുതിയതായി തിരിച്ചറിഞ്ഞത്.141 ഇനം നിശാശലഭങ്ങൾ, 4 ഇനം ചീവീടുകൾ, 38 ഇനം ഉറുമ്പുകൾ, 5 ഇനം ഈച്ചകൾ, 4 ഇനം മീനുകൾ എന്നിവയുടെ സാന്നിധ്യം കണക്കെടുപ്പിൽ കണ്ടു.നിലമ്പൂരിലെ സൊസൈറ്റി ഫോർ ട്രോപ്പിക്കൽ എക്കോളജി ആൻഡ് റിസർച് (എസ്ടിഇഎആർ), തിരുവനന്തപുരം ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (ടിഎൻഎച്ച്എസ്), വനം വകുപ്പ് എന്നിവ ചേർന്ന് 21 മുതൽ 23 വരെ ആണ് കണക്കെടുപ്പ് നടത്തിയത്.ദക്ഷിണേന്ത്യൻ സന്നദ്ധ സംഘടനകളിലെ 65 വിദഗ്ധർ പങ്കെടുത്തു. 16 പുതിയ ഇനങ്ങൾ ഉൾപ്പെടെ ആകെ 187 പക്ഷികളെ സർവേയിൽ കണ്ടെത്തി. യുറേഷ്യൻ പ്രാപിടിയൻ, മരപ്രാവ്, ചുട്ടി കഴുകൻ,പൊടിപ്പൊന്മാൻ, മലമുഴക്കി വേഴാമ്പൽ, കാക്കരാജൻ, പോതക്കിളി, പാറനിരങ്ങൻ തുടങ്ങിയവയാണ് കണ്ടെത്തിയതിൽ പ്രധാനപ്പെട്ടവ. ഇതോടെ സങ്കേതത്തിൽ ഇതുവരെ തിരിച്ചറിഞ്ഞ പക്ഷികൾ 239 ആയി. 6 പുതിയവ ഉൾപ്പെടെ ആകെ 189 ഇനം ചിത്രശലഭങ്ങളുടെ തിരിച്ചറിഞ്ഞു. ഇരുവരയൻ ആട്ടക്കാരി,ചിത്രംഗതൻ, നീലഗിരി നാൽക്കണ്ണി, സിലോൺ പഞ്ചനേത്രി, വെള്ളി അക്കേഷ്യനീലി എന്നിവ പുതിയതായി ഉൾപ്പെട്ടു. ഇതോടെ സങ്കേതത്തിൽ കണ്ടെത്തിയ ചിത്രശലഭങ്ങളുടെ എണ്ണം 263 ൽ എത്തി.പുതിയ 41 ഇനം തുമ്പികളെ കണ്ടു. സങ്കേതത്തിൽ സാന്നിധ്യം രേഖപ്പെടുത്തിയ തുമ്പി ഇനങ്ങൾ 58 ആയി. നാട്ടു മുളവാലൻ, കരിന്തലയൻ, മുളവാലൻ, വടക്കൻ അരുവിയൻ, ചെങ്കറുപ്പൻ അരുവിയൻ, കാവി കോമരം, പുഴക്കടുവ എന്നിവയെയാണ് പുതിയതായി കണ്ടത്.മലപ്പുറം ജില്ലയിലെ ഏക വന്യജീവി സങ്കേതമാണ് കരിമ്പുഴ. പഴയ അമരമ്പലം റിസർവ് വനം ഉൾപ്പെടെ ഭാഗങ്ങൾ ചേർത്ത് സംസ്ഥാനത്തെ 18-ാമത്തെ വന്യജീവി സങ്കേതമായി കരിമ്പുഴ 2020 ൽ ആണു നിലവിൽ വന്നത്. തമിഴ്നാടിന്റെ മുക്കുറുത്തി മലനിരകൾ, സൈലന്റ് വാലി ദേശീയ ഉദ്യാനം എന്നിവയുമായി കരിമ്പുഴ അതിർത്തി പങ്കിടുന്നു. കേരളത്തിൽ കാണുന്ന 7 ഇനം കാടുകൾ ഒരുമിച്ചു കാണുന്ന കരിമ്പുഴ വന്യജീവി സങ്കേതം പശ്ചിമഘട്ടത്തിലെ ഏറ്റവും പ്രധാന ജൈവവൈവിധ്യ മേഖലയാണ്.മഴക്കാലത്തിന് ശേഷം തുടർപഠനം നടത്തുമെന്ന് സർവേക്ക് മേൽനോട്ടം വഹിച്ച കരിമ്പുഴ വൈൽഡ് ലൈഫ് വാർഡൻ ജി.ധനിക് ലാൽ, സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗം ഡോ. കലേഷ് സദാശിവൻ, ഡോ. അനുപ് ദാസ് എന്നിവർ പറഞ്ഞു. കരുളായി ഡപ്യൂട്ടി റേഞ്ച് ഓഫിസർ പി.കെ.മുജീബ് റഹ്മാൻ, ഡപ്യൂട്ടി റേഞ്ച് ഓഫിസർമാരായ ബൈജു, അംജിത്ത്, അഭിലാഷ്, സുഭാഷ് പുളിക്കൽ, ബർണാഡ് എം.തമ്പാൻ, ശബരി ജാനകി, ബ്രിജേഷ് പൂക്കോട്ടൂർ എന്നിവ നേതൃത്വം നൽകി. ഡോ.കലേഷ്, വിനയൻ പി.നായർ, ബൈജു, വി.എം.അനില എന്നിവർ റിപ്പോർട്ട് ക്രോഡീകരിച്ചു.