
അഗസ്ത്യമലയിലെ കുറ്റിക്കാടുകളിൽ ആരോരുമറിയാതെ പടർന്നുവളർന്ന ആ ‘ചുവന്ന സുന്ദരി’ ഒടുവിൽ ഗവേഷകരുടെ കണ്ണിൽപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യമലയിൽ നിന്ന് ചുവന്ന പുഷ്പങ്ങളുള്ള പുതിയസസ്യത്തെ ഗവേഷകർ തിരിച്ചറിഞ്ഞ് വർഗീകരിച്ചു. സ്‌മൈലാക്കേസിയേ കുടുംബത്തിൽപ്പെട്ട സസ്യത്തിന് സ്മൈലാക്സ് അഗസ്ത്യമലാന എന്ന് പേരുനൽകി.ഈ ജനുസിലെ മറ്റു സ്പീഷിസുകളിൽനിന്ന് വ്യത്യസ്തമായി ഇതിന് ചുവന്നപൂക്കളും അണ്ഡാകൃതിയിലുള്ള ഫലങ്ങളുമാണുള്ളത്.സമുദ്രനിരപ്പിൽനിന്ന് 1450 മീറ്റർ ഉയരെ ചോലവനങ്ങളിലെ കുറ്റിക്കാട്ടിലാണീ വള്ളിച്ചെടി വളരുന്നത്.പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജ് സസ്യശാസ്ത്ര ഗവേഷണ വിദ്യാർഥിനി നീതു ഉത്തമൻ, അധ്യാപകരായ ഡോ. വി.പി. തോമസ്, ഡോ. ബിനോയ് ടി.തോമസ്, തുരുത്തിക്കാട് ബിഷപ് അബ്രഹാം മെമ്മോറിയൽ കോളേജ് അധ്യാപകൻ ഡോ. എ.ജെ. റോബി എന്നിവരടങ്ങിയ ഗവേഷകസംഘമാണ് പുതിയ സസ്യം കണ്ടെത്തിയത്. സ്വീഡനിൽനിന്ന് പ്രസിദ്ധീകരിക്കുന്ന നോർഡിക് ജേർണൽ ഓഫ് ബോട്ടണിയിൽ പഠനം പ്രസിദ്ധീകരിച്ചു.