Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Saturday, August 9, 2025

Latest News

Archive

കെ.എസ്.സി.എസ്.ടി.ഇക്ക് നേച്ചര്‍ ഇന്‍ഡെക്‌സില്‍ ശ്രദ്ധേയമായ സ്ഥാനം; ഐ.സി.എ.ആര്‍., ഡി.ആര്‍.ഡി.ഒയെ മറികടന്ന് 27ാം റാങ്ക് (Source: anweshanam 31.07.2025)

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് (KSCSTE) അന്താരാഷ്ട്ര അംഗീകാരം. ലോകപ്രസിദ്ധ വിജ്ഞാന പ്രസിദ്ധീകരണമായ നേച്ചര്‍ പോര്‍ട്ട്‌ഫോളിയ (Nature Portfolio) പുറത്തിറക്കിയ ഏറ്റവും പുതിയ നേച്ചര്‍ ഇന്‍ഡെക്‌സ് റാങ്കിംഗില്‍, കെ.എസ്.സി.എസ്.ടി.ഇ ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങളില്‍ 27ാം സ്ഥാനത്ത് ഇടം പിടിച്ചു. ആഗോള ഗവേഷണ സ്ഥാപനങ്ങളില്‍ 598ാം സ്ഥാനവും നേടിയിട്ടുണ്ട്. ഈ പട്ടികയില്‍ ആഗോള തലത്തില്‍ 1,819 സര്‍ക്കാര്‍ മേഖലാ ഗവേഷണ സ്ഥാപനങ്ങളാണുള്ളത്.ഇന്ത്യയിലെ മൊത്തം 49 ഗവേഷണ സ്ഥാപനങ്ങള്‍ക്കിടയില്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ICAR 29ാം സ്ഥാനം), ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (DRDO 30ാം സ്ഥാനം) തുടങ്ങിയ പ്രമുഖ കേന്ദ്ര സ്ഥാപനങ്ങളെക്കാള്‍ കെ.എസ്.സി.എസ്.ടി.ഇക്ക് ഉയര്‍ന്ന റാങ്ക് ലഭിച്ചതാണ് ഈ നേട്ടത്തിന്റെ പ്രത്യേകത.Nature Index എന്നത് Nature Portfolio വികസിപ്പിച്ച റാങ്കിംഗ് സംവിധാനമാണ്. 2014 നവംബര്‍ മാസത്തില്‍ ആരംഭിച്ച ഈ സംവിധാനത്തില്‍ നിലവില്‍ 146 അന്താരാഷ്ട്ര നിലവാരമുള്ള ജേണലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ജേണലുകളില്‍ പ്രസിദ്ധീകരിച്ച ശാസ്ത്രീയ ലേഖനങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. ഈ ലേഖനങ്ങളുടെ നിലവാരം കണക്കാക്കിയാണ് റാങ്കുകള്‍ തീരുമാനിക്കുക. ഇത്തവണത്തെ റാങ്കിംഗിന് അടിസ്ഥാനമായത് 2024 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍, കെ.എസ്.സി.എസ്.ടി.ഇയുടെ ശാസ്ത്രജ്ഞര്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളാണ്. നമ്മുടെ ശാസ്ത്രജ്ഞര്‍ നേച്ചര്‍ പോലുള്ള ലോകോന്നത ജേണലുകളില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും, അവന്റെ അടിസ്ഥാനത്തില്‍ ഇത്ര വലിയൊരു അംഗീകാരം കേരളത്തിന് ലഭിക്കുകയും ചെയ്തതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഈ നേട്ടം ഗവേഷണ മേഖലയിലേക്കുള്ള യുവതലമുറയുടെ താല്പര്യം വര്‍ധിപ്പിക്കാന്‍ സഹായകരമാകും, എന്നു കെ.എസ്.സി.എസ്.ടി.ഇ സെക്രട്ടറി ഡോ. എ. സാബു പ്രതികരിച്ചു.മറ്റുള്ള റാങ്കിങ്ങുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നേച്ചര്‍ ഇന്‍ഡെക്‌സ് ഗവേഷണത്തിന്റെ ഗുണനിലവാരത്തെ മുന്‍നിര്‍ത്തിയുള്ള ഒരു ബെഞ്ച്മാര്‍ക്കായാണ് കണക്കാക്കപ്പെടുന്നു. ഈ നേട്ടത്തിലൂടെ കേരളത്തിന്റെ ശാസ്ത്രരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.