
അമ്പലവയൽ ഇനി അവൊക്കാഡോ നഗരം എന്നപേരിൽ അറിയപ്പെടും. കൃഷിമന്ത്രി പി. പ്രസാദാണ് പ്രഖ്യാപനം നടത്തിയത്.അവൊക്കാഡോ കൃഷിയും വിപണനവും ഏറ്റവും കൂടുതലുള്ളതിനാലാണ് ഈ ബഹുമതി അമ്പലവയലിനെ തേടിയെത്തിയത്. വെണ്ണപ്പഴമെന്ന പേരിലും അറിയപ്പെടുന്ന അവൊക്കാഡോ കൃഷി കർഷകർക്കും വ്യാപാരികൾക്കും നല്ല പ്രതീക്ഷയാണ് നൽകുന്നത്. വർഷാവർഷം ടൺ കണക്കിന് അവൊക്കാഡോ കയറ്റുമതി ചെയ്യുന്നത് അമ്പലവയലിലെ വിപണിയിൽനിന്നാണ്. അവൊക്കാഡോ കർഷകർ ഏറെയുള്ളതും ഈ മേഖലയിൽത്തന്നെ. മറ്റു കൃഷികളെല്ലാം പരാജയപ്പെട്ടപ്പോൾ, വലിയ മുതൽമുടക്കില്ലാത്ത അവൊക്കാഡോ കൃഷിയിലേക്കു തിരിഞ്ഞ കർഷകർ ധാരാളമാണ്.ശാസ്ത്രീയമായ രീതിയിൽ കൃഷിചെയ്താൽ ഒരു ചെടിയിൽനിന്ന് 5000 മുതൽ 50,000 രൂപവരെ ആദായം ലഭിക്കും. കഴിഞ്ഞ കുറച്ചുവർഷമായി ജൂൺ, ജൂലായ് മാസങ്ങളിൽ ടൺ കണക്കിന് വെണ്ണപ്പഴമാണ് അമ്പലവയലിൽനിന്ന് കയറ്റിപ്പോകുന്നത്. വയനാടൻ അവൊക്കാഡോ ബ്രാൻഡ് ഉത്പന്നമാക്കി മാറ്റുന്നതിനുള്ള പദ്ധതിക്കും അവൊക്കാഡോ മേളയോടെ തുടക്കമാകും. വൻനഗരങ്ങളിൽ വലിയ ഡിമാന്റുള്ള അവൊക്കാഡോയുടെ കൃഷി വ്യാപിപ്പിക്കുകയും കൂടുതൽ വരുമാനം കണ്ടെത്തുകയുമാണ് അവൊക്കാഡോ ഫെസ്റ്റിന്റെ ലക്ഷ്യമെന്ന് അമ്പലവയൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീർ പറഞ്ഞു.
പ്രതീക്ഷകൾ പകർന്ന് അവൊക്കാഡോ ഫെസ്റ്റ്
വയനാട്ടിലെ കർഷകർക്ക് പുതിയ പ്രതീക്ഷകൾ പകർന്നുനൽകി അവൊക്കാഡോ ഫെസ്റ്റ്. രണ്ടുദിവസങ്ങളിലായി അമ്പലവയലിൽ നടന്ന മേളയിൽ അഞ്ഞൂറോളം കർഷകർ പങ്കെടുത്തു. അവൊക്കാഡോ കൃഷിയുടെ സാധ്യതകളും പ്രാധാന്യവും സംബന്ധിച്ച് വിദഗ്ധർ ക്ലാസെടുത്തു. ജില്ലയിൽ അവൊക്കാഡോ കൃഷി മെച്ചപ്പെടുത്താനാണ് മേള സംഘടിപ്പിച്ചത്. അമ്പലവയൽ പ്രാദേശിക കാർഷികഗവേഷണ കേന്ദ്രവും (ആർഎആർഎസ്)കൃഷവിജ്ഞാനകേന്ദ്രവും വയനാട് ഹിൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും അമ്പലവയൽ ഗ്രാമപ്പഞ്ചായത്തും ചേർന്നാണ് നടത്തിയത്. വിദഗ്ധർ നയിച്ച സെമിനാറിൽ പങ്കെടുക്കാൻ കേരളത്തിനകത്തും പുറത്തുമുള്ള കർഷകരെത്തി. മൂല്യവർധിത ഉത്പന്നങ്ങളിലൂടെ കൂടുതൽ സാധ്യത കണ്ടെത്താൻ മേള സഹായിച്ചെന്ന് കർഷകർ അഭിപ്രായപ്പെട്ടു. അവൊക്കാഡോ നഗരമായി അമ്പലവയലിനെ പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്നും കർഷകർക്കാവശ്യമായ സഹായങ്ങൾ നൽകുമെന്നും ആർഎആർഎസ് മേധാവി ഡോ. സി.കെ. യാമിനി വർമ പറഞ്ഞു.മേളയുടെ ഭാഗമായി ജില്ലയിലെ ഏറ്റവും നല്ല കർഷകനായി തിരഞ്ഞെടുത്ത ചിരദീപിന് കാഷ് പ്രൈസ് നൽകി. ഏറ്റവും നല്ല അവൊക്കാഡോ, ഏറ്റവും നല്ല റസിപ്പി തുടങ്ങി വിവിധ മത്സരങ്ങളുമുണ്ടായിരുന്നു.