.jpg?$p=c0dff4c&f=16x10&w=852&q=0.8)
ആംബുലൻസുകൾപോലെയുള്ള അടിയന്തര സേവന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ട് യാത്രവൈകുന്നത് ഒഴിവാക്കാൻ പ്രത്യേക സംവിധാനവുമായി നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്). ആംബുലൻസുകൾ ട്രാഫിക് സിഗ്നലുകളിലെത്തുമ്പോൾതന്നെ സിഗ്നൽ സ്വമേധയാ തെളിയുന്ന ‘എമർജൻസി വെഹിക്കിൾ പ്രയോറിറ്റി’ എന്ന ആപ്ലിക്കേഷനാണ് കെൽട്രോണുമായി ചേർന്ന് നാറ്റ്പാക് വികസിപ്പിച്ചത്. പരീക്ഷണത്തിനായി സജ്ജമാക്കിയശേഷം പോരായ്മകൾ പരിഹരിച്ച് അന്തിമമാക്കിയിട്ടുണ്ട്. ഇത് വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കാനുള്ള നടപടികൾ കെൽട്രോൺ തുടങ്ങി.നാറ്റ്പാകിന്റെ എറണാകുളം റീജണൽ ഓഫീസിലെ ശാസ്ത്രജ്ഞൻ ബി. അനീഷ് കിണിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ആപ്ലിക്കേഷൻ ജിപിഎസ്, റേഡിയോ ഫ്രീക്വൻസി എന്നിവയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുക. ട്രാഫിക് സിഗ്നലിന് സമീപമെത്തുന്ന ആംബുലൻസുകളെ തിരിച്ചറിഞ്ഞ് അവയുടെ യാത്രാപാതയിലെ തിരക്ക് ഒഴിവാക്കുന്ന തരത്തിൽ സിഗ്നലുകൾ താനേ തെളിയും.തുടർന്ന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്കുള്ള പാതയിലെ ഗതാഗതനീക്കം സുഗമമാക്കും. ആംബുലൻസ് കടന്നുപോയിക്കഴിഞ്ഞാൽ സിഗ്നൽസംവിധാനം പഴയരീതിയിലാവും. ഒരു നഗരത്തിലെ എല്ലായിടത്തും ഉപയോഗിക്കാതെ ആശുപത്രികളിലേക്കുള്ള തിരക്കേറിയ വഴികളെ ഒരു ഇടനാഴിയായി കണക്കാക്കിയാകും ഈ സംവിധാനം ഉപയോഗിക്കുക. ഇതിനായി ട്രാഫിക് സിഗ്നലുകളിലും ആംബുലൻസുകളിലും ചില ഉപകരണങ്ങൾ ഘടിപ്പിക്കേണ്ടിവരും.തിരുവനന്തപുരം ഇൻഫോസിസ് ജങ്‌ഷനിൽ പരീക്ഷണത്തിനായി പ്രവർത്തിപ്പിച്ചപ്പോൾ വിജയകരമായിരുന്നെന്നും കണ്ടെത്തിയ ചില പോരായ്മകൾ പരിഹരിച്ച് പൂർണസജ്ജമാക്കിക്കഴിഞ്ഞെന്നും കെൽട്രോൺ ഉദ്യോഗസ്ഥർ പറഞ്ഞു. കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയിൽ ഈ സംവിധാനം നടപ്പാക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. നിലവിൽ നോയിഡയിൽ മാത്രമാണ് ഇതിന് സമാനമായൊരു സംവിധാനം പരീക്ഷണാടിസ്ഥാനത്തിലെങ്കിലും ഉപയോഗിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.