
ഉപ്പുവെള്ളത്തെ അതിജീവിക്കുന്നതുൾപ്പെടെയുള്ള ഗുണത്തോടെ മികച്ച ഉത്പാദനശേഷിയുള്ള നെൽവിത്തിനങ്ങളുടെ ഗവേഷണത്തിനായി പ്രത്യേക കേന്ദ്രം വരുന്നു. ജീൻ എഡിറ്റിങ്ങിലൂടെ ഇത് സാധ്യമാക്കുന്നതിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ആഭിമുഖ്യത്തിലാകും കേന്ദ്രം. പ്രാഥമിക നടപടികളുടെ ഭാഗമായി ഫയൽ സർക്കാരിന് സമർപ്പിച്ചു. മന്ത്രിസഭയുടെ അനുമതി ലഭിച്ചാലുടൻ വിശദപദ്ധതിരേഖ തയ്യാറാക്കാനുള്ള നടപടിയുണ്ടാകും.‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ക്രോപ് ബ്രീഡിങ്’ എന്ന പേരിൽ കേരള കാർഷിക സർവകലാശാലയുമായി സഹകരിച്ചാണ് ഗവേഷണകേന്ദ്രത്തിന് തുടക്കമിടുന്നത്. പ്രാഥമിക നടപടികൾക്കായി സർക്കാർ രണ്ടുകോടി അനുവദിച്ചിരുന്നു. ഇതുകൂടാതെ ലോകബാങ്കിന്റെ ‘കേരള ക്ലൈമറ്റ് റിസൈലിയന്റ് വാല്യൂ ചെയിൻ മോഡേണൈസേഷൻ പ്രോജക്ട് (കേര)’ന്റെ സഹായവും പ്രതീക്ഷിക്കുന്നുണ്ട്.പൊക്കാളി, കോൾ പാടങ്ങളിലെ കൃഷിക്കുപയോഗിക്കുന്ന വിത്തിനങ്ങളെക്കാൾ മികച്ചവ രൂപപ്പെടുത്തകയെന്നതാണ് ഉദ്ദേശ്യം. ജനിതകഘടനയിൽ മാറ്റംവരുത്തിയും മറ്റും ഹൈബ്രിഡ് വിത്തുകൾ വികസിപ്പിക്കുന്നതിനാകും ഊന്നൽ. കാർഷിക സർവകലാശാലയുടെ വെള്ളായണി കേന്ദ്രത്തിന് അനുബന്ധമായോ പാലക്കാട്ടെ പട്ടാമ്പിയിലോ ആയിരിക്കും സ്ഥാപനം ആരംഭിക്കാൻ സാധ്യത. കാർഷിക സർവകലാശാല നടത്തുന്ന ഗവേഷണങ്ങൾക്കപ്പുറം നെൽവിത്ത് ഗവേഷണത്തിന് മാത്രമായി കേന്ദ്രം ആരംഭിക്കുകയെന്ന ഉദ്ദേശ്യത്തോടെയുമാണിത്.ഫിലിപ്പീൻസിലെ ഇന്റർനാഷണൽ റൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ സയന്റിസ്റ്റും ലോകപ്രശസ്ത നെൽവിത്ത് ഗവേഷകനുമായ ഡോ. ജൗഹർ അലിയുടെ പിന്തുണയും ഇൻസ്റ്റിറ്റ്യൂട്ടിന് ഉറപ്പാക്കും. ഉപ്പുവെള്ളം ഉൾപ്പെടെ വിവിധ ഘടകങ്ങളെ അതിജീവിക്കുന്ന ഒട്ടേറെ വിത്തിനങ്ങൾ വികസിപ്പിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട് അദ്ദേഹം.