.jpg?$p=6fb4c0d&f=16x10&w=852&q=0.8)
തീവ്ര, അതിതീവ്ര മഴ മുൻകൂട്ടി അളന്നു പറയാൻ നിർമിതബുദ്ധി അധിഷ്ഠിതമായ സോഫ്റ്റ്‌വേർ വരുന്നു. മഴയുടെ തീവ്രതയും മഴ പെയ്യുന്ന സ്ഥലം, സമയം എന്നിവയും കൃത്യമായും സൂക്ഷ്മമായും പ്രവചിക്കുന്ന നിലവിലെ സജ്ജീകരണങ്ങളിലേക്ക് ഇതു ലയിപ്പിക്കാനാണു പദ്ധതി. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ(കെഎസ്‌സിഎസ്ടിഇ) ഗവേഷകരായ എസ്.നിസാർ, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് കെ.പി.സുധീർ, ജോബിൻ തോമസ്, കെ.രാജേന്ദ്രൻ എന്നിവരാണ് സോഫ്റ്റ്‌വേറിനു പിന്നിൽ.പെയ്യുന്ന മഴയുടെ അളവ് മുൻകൂട്ടി പ്രവചിക്കാൻ ഇപ്പോൾ സംവിധാനമില്ല. ഇതു പൂർണമായും പരിഹരിക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം വികസിപ്പിച്ചിട്ടുള്ളതെന്ന് ഗവേഷകർ പറഞ്ഞു.മേഘങ്ങളെ നിരീക്ഷിക്കുന്ന ഉപഗ്രഹത്തിൽനിന്നു വിവരം ശേഖരിച്ച് വിശകലനംചെയ്ത്, മേഘങ്ങളുടെ പ്രധാന ഘടകങ്ങൾ വിശദമായി പരിശോധിച്ചാണ് പ്രവചനം നടത്തുക. മേഘങ്ങൾ സ്ഥിതിചെയ്യുന്ന ഉയരം,അന്തരീക്ഷത്തിലെ തരികൾ, ക്ലൗഡ്-ഏറോസോൾ (മേഘങ്ങളും അന്തരീക്ഷത്തിലെ തരികളും തമ്മിലുള്ള അനുപാതം), ഈർപ്പം, ഏറ്റവും ഉയരത്തിൽ മേഘങ്ങൾ കാണിക്കുന്ന താപനില എന്നിവ പരിശോധിച്ചാണ് സാധാരണ പ്രവചനം നടത്തുക. മഴ അളക്കുന്നതിനു പുറമേ, പ്രവചനം 24 മണിക്കൂറാക്കി ഉയർത്താനും ഈ സംവിധാനത്തിനു സാധിക്കുമെന്നതാണ് മേന്മ. പ്രവചനം നടത്താനായി ഇപ്പോൾ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ സൂക്ഷ്മത വർധിപ്പിക്കാനും പ്രാദേശികമായി പെയ്യുന്ന മഴയുടെ അളവ് കൃത്യമായി പ്രവചിക്കാനും പുതിയ സംവിധാനത്തിലൂടെ കഴിയും.സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ഈ സംവിധാനം കൈമാറാനാണ് ലക്ഷ്യമിടുന്നത്. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ തിരുവനന്തപുരത്ത് ഏഴിന് സംസ്ഥാനത്താദ്യമായി സംഘടിപ്പിക്കുന്ന ഗവേഷണ, വികസന ഉച്ചകോടിയിൽ ഇതു പ്രദർശിപ്പിക്കും.