Envis Centre, Ministry of Environment & Forest, Govt. of India

Printed Date: Thursday, October 9, 2025

Latest News

Archive

കേരളത്തിന്റെ തീരപ്രദേശത്തും മലമുഴക്കി വേഴാമ്പൽ സാന്നിധ്യം (Source: manoramaonline 07.08.2025)

കൊടുങ്ങല്ലൂരിന്റെ തീരപ്രദേശത്തു മരത്തിനു മുകളിൽ കണ്ടെത്തിയ മലമുഴക്കി വേഴാമ്പൽ.

മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന മലമുഴക്കി വേഴാമ്പലിനെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിന്റെയും കയ്പമംഗലത്തിന്റെയും തീരപ്രദേശങ്ങളിൽ കണ്ടെത്തി. പ്രായപൂർത്തിയായ ആൺ വേഴാമ്പലിനെയാണു പശ്ചിമഘട്ട വേഴാമ്പൽ ഫൗണ്ടേഷന്റെ ഗവേഷണ കേന്ദ്രം പ്രവർത്തിക്കുന്ന കൊടുങ്ങല്ലൂരിലെ എംഇഎസ് അസ്മാബി കോളജിലെ സ്റ്റാഫ് അംഗം സാബിറയുടെ വീടിനടുത്തായി കണ്ടെത്തിയത്. അവരുടെ മക്കളായ ഇർഫാനും സിനാനും അറിയിച്ചതിനെത്തുടർന്നു വേഴാമ്പൽ ഗവേഷകരായ ഡോ.കെ.എച്ച്.അമിതാബച്ചൻ, ഗവേഷണ വിദ്യാർഥി അശ്വിൻ കൃഷ്ണ എന്നിവരുടെ സംഘം സ്ഥലത്തെത്തി മലമുഴക്കി വേഴാമ്പൽ തന്നെയെന്നു സ്ഥിരീകരിച്ചു.കടൽത്തീരത്തു നിന്ന് 200 മീറ്റർ മാത്രം അകലെയുള്ള ഒറ്റ അരണമരത്തിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു കേരളത്തിന്റെ സംസ്ഥാന പക്ഷി. കടൽത്തീരത്തോട് ഇത്രയും അടുത്ത് കാടു പോലെയല്ലാത്ത സ്ഥലത്ത് വേഴാമ്പലിനെ കണ്ടെത്തുന്നത് ആദ്യമായിട്ടാണെന്ന് ഡോ.അമിതാബച്ചൻ പറഞ്ഞു. വലിയ വേഴാമ്പൽ ഇനങ്ങൾ ചിലപ്പോൾ 100–200 കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കും. മലമുഴക്കി വേഴാമ്പലുകളുടെ സാന്നിധ്യം വാഴച്ചാൽ, വെള്ളിക്കുളങ്ങര, ആനപ്പാന്തം, പീച്ചി, നെല്ലിയാമ്പതി എന്നിവിടങ്ങളിലാണു കൂടുതലുള്ളത്. അവ വേഴാമ്പലിനെ കണ്ട സ്ഥലത്തു നിന്ന് 35 മുതൽ 50 കിലോമീറ്റർ വരെ അകലെയാണ്.