
വലിയ ചിറകുകളുമായി സംസ്ഥാനത്തു പറന്നിറങ്ങിയ ഫാൽക്കനെ കൊല്ലത്തു കണ്ടെത്തി. കരുനാഗപ്പള്ളി വെള്ളനാതുരുത്തിൽനിന്നാണു ലഗാർ ഫാൽക്കനെ (Laggar falcon) കണ്ടെത്തിയത്. വംശനാശഭീഷണി നേരിടുന്ന ഇനമാണ്.ഓണം ബേഡ് കൗണ്ടിന്റെയും കേരള ബീച്ച് കോംബിങ്ങിന്റെയും ഭാഗമായി പക്ഷി സർവേ നടത്തിയ അമ്പാടി സുഗതൻ, ഫൈസൽ ഫസലുദ്ദീൻ, ഹരീഷ് ആർ.അയ്യർ, ജെ.പ്രവീൺ, ആദർശ് അജയ്, റഷീദ മോൾ,രഹ്ന ആൽഫ, ഷിയാസ്, റാം മാധവ് എന്നിവരുടെ സംഘമാണു പക്ഷിയെ കണ്ടത്.ഫാൽക്കോ ജഗ്ഗർ എന്നറിയപ്പെടുന്ന ലഗാർ ഫാൽക്കനെ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വളരെ അപൂർവമായാണു കാണുന്നത്.പാക്കിസ്ഥാൻ, ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലദേശ്, വടക്കുപടിഞ്ഞാറൻ മ്യാൻമർ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇരപിടിയൻ പക്ഷിയാണിത്. ഇതോടെ കേരളത്തിൽ കണ്ടെത്തിയ പക്ഷിയിനങ്ങളുടെ എണ്ണം 561 ആയി. കൊല്ലത്തു നിന്നു കണ്ടെത്തുന്ന 388–ാമത് ഇനമാണിത്.ഏകദേശം 40 സെ.മി നീളമുള്ള ലഗാർ ഫാൽക്കന്റെ ചിറകുവിസ്താരം 88 മുതൽ 107 സെ.മി വരെയാണ്.മറ്റു ഫാൽക്കനുകളുമായി താരതമ്യം ചെയ്യുമ്പോൾ ലഗാർ ഫാൽക്കൻ വലുതും മെലിഞ്ഞതുമാണ്. നീണ്ട മുനയുള്ള വാലും നീണ്ട ചിറകുകളും പ്രത്യേകതയാണ്. കണ്ണിനു മുകളിൽ വെളുത്ത നിറത്തിൽ പുരികം പോലെ അടയാളമുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ വേട്ടയാടുന്ന ഇവ വേഗത്തിൽ പറന്നു താഴ്ന്നുവന്ന് ആക്രമിച്ചാണ് ഇര പിടിക്കാറുള്ളത്. പക്ഷികളെയും ചെറുസസ്തനികളെയുമാണു പ്രധാനമായും ആഹാരമാക്കുന്നത്.