JavaScript must be enabled in order for you to use the Site in standard view. However, it seems JavaScript is either disabled or not supported by your browser. To use standard view, enable JavaScript by changing your browser options.

| Last Updated:09/04/2024

Latest News

Archive

ലോകത്തിലെ ഏറ്റവും വലിയ ശബ്ദത്തിനുടമ ഈ സുന്ദരൻ പക്ഷി; അമ്പരന്ന് ശാസ്ത്രലോകം! (Source: Malayala Manorama 31-10-2019)

  

                  പക്ഷികളുടെ ലോകം ശബ്ദങ്ങളുടെ കൂടി ലോകമാണ്. കാക്ക മുതൽ കുയിൽ വരെ സൃഷ്ടിക്കുന്ന ശബ്ദ വൈവിധ്യങ്ങളെ സാധാരണ മനുഷ്യർ പോലും ശ്രദ്ധിക്കുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട്. പക്ഷികൾ ഇത്തരം ശബ്ദങ്ങൾ ഉണ്ടാക്കുന്നത് പലതരം ആവശ്യങ്ങൾക്കായി വ്യത്യസ്ത സന്ദർഭങ്ങളിലാണ്. മുന്നറിയിപ്പു നൽകാനും ഇണയെ ആകർഷിയ്ക്കാനുമെല്ലാം പക്ഷികൾ തങ്ങൾ ഉണ്ടാക്കുന്ന ശബ്ദങ്ങൾ ഉപയോഗിക്കുന്നു. ലോകത്തെ എല്ലാ പക്ഷികളും ഇങ്ങനെ വ്യത്യസ്ത തരത്തിലുള്ള ശബ്ദങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ളവരാണെന്നിരിക്കെ ഇക്കൂട്ടത്തിൽ ഏറ്റവും ഉച്ചത്തിലുള്ള ശബ്ദം സൃഷ്ടിക്കുന്നത് ബ്രസീലിൽ കാണപ്പെടുന്ന ഒരു പക്ഷിയാണ്.

 

            വൈറ്റ് ബെൽബേർഡ് വെളുത്ത തൂവലുകൾ നിറഞ്ഞ സുന്ദരൻ പക്ഷിയാണ് ബ്രസീലിയൻ വൈറ്റ് ബെൽബേർഡ്. പ്രൊക്നിയാസ് ആൽബസ് എന്ന ശാസ്ത്രീയ നാമമുള്ള ഈ പക്ഷി ഇപ്പോഴാണ് ലോകത്തെ ഏറ്റവും ശബ്ദമുള്ള പക്ഷി എന്ന സ്ഥാനം സ്വന്തമാക്കിയത്. ഇക്കൂട്ടത്തിലെ ഒരു പക്ഷി ഇണയെ ആകർഷിക്കാൻ നടത്തിയ കൂവലാണ് ഈ റെക്കോർഡിന് അർഹമാക്കിയത്. ഇതുവരെ റെക്കോഡ് ചെയ്യപ്പെട്ട പക്ഷി ശബ്ദങ്ങളിൽ ഏറ്റവും ഉയർന്ന ശബ്ദമുള്ളത് ഈ പക്ഷിയുടെ കൂവലിനാണെന്ന് ഗവേഷക തിരിച്ചറിഞ്ഞു. 125.4 ഡെസിബല് ആയിരുന്നു ഈ റെക്കോഡ് ചെയ്യപ്പെട്ട ശബ്ദത്തിന്റെ അളവ്.

 

    ബ്രസീലിലെ ആമസോൺ വനമേഖലയിൽ വടക്കു കിഴക്കൻപ്രദേശത്തായാണ് ഈ പക്ഷികൾ കാണപ്പെടുന്നത്. ആണ് പക്ഷികളും പെണ് പക്ഷികളും ഇത്തരത്തിൽ ഇണകളെ ആകർഷിക്കാൻ ശബ്ദമുണ്ടാക്കാറുണ്ട്. ഇതിൽ ആണ് പക്ഷിയുടെ ശബ്ദമാണ് ഇപ്പോൾ റെക്കോഡിന് അർഹമായിരിക്കുന്നത്. കൂടാതെ ആണ് പക്ഷികള് മാത്രമാണ് വെളുത്ത നിറത്തിൽ കാണപ്പെടുന്നതും. പെണ് പക്ഷികളുടെ നിറം ഇളം ഒലീവ് പച്ചയാണ്. സംസാരിക്കുന്നതിനിടയിലോ പാട്ടിനിടയിലോ മൈക്കില് നിന്നു പുറത്തു വരുന്ന അരോചകമായ ശബ്ദത്തിനു സമാനമാണ് ഈ പക്ഷിയുടെ ശബ്ദമെന്ന് കേൾക്കുമ്പോൾ മനസ്സിലാകും.

 

               നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആമസോണിയൻ റിസേർച്ചിലെ പക്ഷി നിരീക്ഷനായ മരിയോ കോൻ കാഫ്റ്റ് ആണ് ബ്രസീലിലെ റൊറൈമയിൽ നിന്ന് ഈ പക്ഷിയുടെ ശബ്ദവും വിഡിയോ ദൃശ്യവും പകര്ത്തിയത്. തുടർന്ന് മസാച്യൂസറ്റ് സർവകലാശാലയിലെ ജെഫ് പാഡോസ് ആണ് ഈ പക്ഷികളുടെ ശബ്ദത്തിന്റെ അളവ് കണക്കാക്കിയത്. ഇതോടെ അതുവരെ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന സ്ക്രീമിങ് പിഹാ എന്ന പക്ഷി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 116 ഡെസിബല് ആണ് സ്ക്രീമിഗ് പിഹായുടെ ശബ്ദത്തിന്റെ അളവ്. ബെൽബേർഡിന്റെ പോലെ സ്ക്രീമിങ് പിഹായും ബ്രസീലിലെ വടക്കു കിഴക്കൻ മേഖലയില് തന്നെ കാണപ്പെടുന്ന പക്ഷിയാണ്.

 

വൈറ്റ് ബെൽബേർഡും സിംഫണിയും

 

            വൈറ്റ് ബെൽബേർഡിന്റെ ശബ്ദത്തെ മനുഷ്യ നിർമിതമായ ശബ്ദങ്ങളുമായി താരതമ്യപ്പെടുത്തുന്നത് കൗതുകകരമയ കാര്യമാണ് ഒരു സാധാരണ ഓഫിസിലെ ശബ്ദം ശരാശരി 40 ഡെസിബൽ ആണ്. സിംഫണി പോലുള്ള ഒരു സംഗീത പരിപാടിക്കും കാറിന്റെ ഹോണിനും ശരാശരി 110 ഡെസിബൽ ശബ്ദമുണ്ടാകും. ഇനി അരോചകമായ ഡ്രില്ലിങ്ങിന്റെ ശബ്ദത്തിന് ശരാശരി 120 ഡെസിബൽ വരെ ശബ്ദമാണ് ഉണ്ടാവുക. ഇവയെയൊക്കെ മറികടക്കുന്നതാണ് വൈറ്റ് ബെൽബേർഡിന്റെ ഇണയ്ക്കു വേണ്ടിയുള്ള ആലാപനം.

 

          ശബ്ദത്തിൽ മാത്രമല്ല മറ്റ് ചില കാര്യങ്ങളിലും ഈ വൈറ്റ് ബെൽബേർഡിനു പ്രത്യേകതകളുണ്ട്. ഇതിൽ ഒന്ന് ഇവയുടെ മുഖത്തു നിന്നു നീണ്ടു നിൽക്കുന്ന വാലു പോലുള്ള ശരീര ഭാഗമാണ്. ഇത് ചില സമയങ്ങളിൽ കൊമ്പ് പോലെ ഉയർന്നു നിൽക്കുന്നതായും കാണപ്പെടാറുണ്ട്. കൂടാതെ തൂവലുകളെല്ലാം നീക്കിയാൽ ഈ പക്ഷിക്കുള്ളത് സിക്സ് പായ്ക്ക് ശരീരമാണെന്നും ഗവേഷകർ പറയുന്നു. മറ്റ് പക്ഷികളേക്കാൾ മസിലുകൾ നിറഞ്ഞ ശരീരമാണ് ഈ പക്ഷിയുടേത്. കൂടാതെ ഇവയുടെ ടിഷ്യൂ മറ്റ് പക്ഷികളുടേതിനേക്കാൾ നാലിരട്ടി വരെ കട്ടിയുള്ളതാണെന്നും ഇവർ വിശദീകരിക്കുന്നു.